കോവിഡ് ഇളവുകൾ വന്നതോടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചെങ്കിലും പാസഞ്ചർ ട്രെയിനുകളും അൺ റിസർവ്ഡ് ട്രെയിനുകളും ഇപ്പോഴും ട്രാക്കിന് പുറത്താണ്. ട്രെയിൻ സർവീസുകൾ മുഴുവൻ റിസർവ്ഡ് സൗകര്യം മാത്രമുള്ളതാണ്. സീസൺ ടിക്കറ്റ് അനുവദിക്കാത്തതും യാത്രക്കാരുടെ ദുരിതം വർധിക്കുന്നു. ചികിത്സയ്‌ക്കായും മറ്റും യാത്ര ചെയ്യുന്നവരും ജീവനക്കാരുമാണ് ദുരിതം ഏറെ അനുഭവിക്കുന്നത്.
വർഷങ്ങളായുള്ള മുറവിളിയെ തുടർന്നാണ് മെമു ഷൊർണൂരിൽനിന്നും കണ്ണൂരേക്ക് സർവീസ് ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും മെമു കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിച്ചില്ല. കണ്ണൂരിൽനിന്നും മംഗളുരുവിലേക്കുള്ള എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ തിങ്കളാഴ്ച സർവീസ് ആരംഭിക്കും. കോവിഡിന് മുമ്പ് ഇതേ റൂട്ടിൽ ഓടിയിരുന്ന പാസഞ്ചർ ട്രെയിനാണ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനായി സർവീസ് ആരംഭിക്കുന്നത്. എക്സ്പ്രസ് ട്രെയിൻ നിരക്കാണ് ഈടാക്കുന്നത്.
കണ്ണൂർ, കാസർകോട് ജില്ലക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗളുരുവിലെ ആശുപത്രികളെയാണ്. ഈ ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനില്ല. ട്രെയിൻ റിസർവേഷൻ ടിക്കറ്റിന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതും ഓൺലൈൻ ടിക്കറ്റ് പരിമിതപ്പെടുത്തിയതും യാത്രക്കാരെ വലയ്ക്കുന്നു.
previous post