കണ്ണൂർ: കണ്ണൂർ നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്തു. കണ്ണൂർ കോർപറേഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ള നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള കോർപറേഷൻ അധികൃതരുടെ ശ്രമത്തെ തുടർന്ന് കേനന്നൂർ ഫുട്പാത്ത് മർച്ചന്റ് അസോസിയേഷൻ (എഐടിയുസി) സെക്രട്ടറി എസ്. രാജു തുടങ്ങിയവർ സമർപ്പിച്ച ഹരജിയിലാണ് സ്റ്റേ അനുവദിച്ചത്. വഴിയോര കച്ചവടക്കാരുടെ സംരക്ഷണവും ജീവനോപാധികളുടെ സംരക്ഷണവും സംബന്ധിച്ച നിയമം 2014 കേന്ദ്ര സർക്കാർ പാർലമെൻറിൽ പാസാക്കിയതിനെ തുടർന്ന് കേരള സർക്കാർ രൂപീകരിച്ച ചട്ട പ്രകാരം പരാതിയും തർക്കവും കേൾക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ റിട്ട: ജില്ലാ ജഡ്ജി എം. എ. നിസാറാണ് ഹർജിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറി, മേയർ എന്നിവരെ എതിർകക്ഷികളാക്കി വഴിയോര കച്ചവടത്തെ തടസപ്പെടുത്തരുതെന്നും വർഷങ്ങളായി കച്ചവടം ചെയ്യുന്നവരെ ഇപ്പോഴത്തെ സ്ഥലത്തു നിന്നും ഒഴിപ്പിക്കരുതെന്നും കാണിച്ചുള്ള ഹർജിയിലാണ് സ്റ്റേ. ഇവരെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു താത്കാലിക സ്റ്റേ ഉത്തരവാണ് നൽകിയത്. കോർപറേഷൻ സെക്രട്ടറിയോട് കമ്മിറ്റി മുമ്പാകെ ഹാജരാകാൻ നിർദേശിച്ചു.