കേരള ബാങ്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചു. ന്യൂ ജനറേഷൻ ബാങ്കുകൾക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഐടി ഇന്റഗ്രേഷൻ പൂർത്തിയാകുമ്പോൾ സാധാരണക്കാർക്ക് പൂർണമായും ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ആധുനിക സംവിധാനങ്ങൾ ബാങ്കിലുണ്ടാകും. മറ്റ് ദേശസാൽകൃത ബാങ്കുകളോടൊപ്പം മുന്നേറാനുള്ള ശേഷി ബാങ്കിനുണ്ടാകമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ബിസിനസ് പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബാങ്കിലെ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകൾ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. കുടിശികക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബാങ്കിനു കനത്ത ബാദ്ധ്യത വരാത്ത രീതിയിലായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടത്. നിയമപരമായ തിരിച്ചുപിടിക്കൽ അടക്കമുള്ള നടപടികൾക്ക് സർക്കാരിന്റെ പൂർണ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സാധാരണക്കാർക്ക് ബുദ്ധിമുട്ടുകൾ വരാത്ത തരത്തിലായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു.
പ്രാഥമിക സഹകരണ സംഘങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്തുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ ബാങ്കിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. സഹകരണ സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സഹകരണ സംഘം രജിസ്ട്രാർ പി.ബി.നൂഹ്, സിഇഒ എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, ഹെഡ് ഓഫീസിലെ ജനറൽ മാനേജർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.