സംസ്ഥാനത്തു നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും. ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. തിങ്കൾ മുതൽ ശനിവരെ കടകൾക്ക് രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ തന്നെ പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
കോവിഡ് രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തും. തെരുവുകൾ, മാർക്കറ്റ്, ഹാർബർ, ഫിഷിങ് വില്ലേജ്, മാൾ, റസിഡൻഷ്യൽ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫിസ്, ഐടി കന്പനി, ഫ്ളാറ്റ്, വെയർഹൗസ്, വർക്ഷോപ്പ്, 10 പേരിലധികമുള്ള കുടുംബം എന്നിവ ഉൾപ്പെടെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിന്റെ നിർവചനത്തിൽ വരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.
100 മീറ്റർ പരിധിയിൽ അഞ്ചിലധികം കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്താൽ അതിലുൾപ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാകും. അഞ്ചിൽ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു തീരുമാനമെടുക്കാം. ഏഴു ദിവസത്തേക്കായിരിക്കും നിയന്ത്രണം.
ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ അഞ്ച് ശതമാനത്തിൽ കൂടുതൽ പേർക്ക് കോവിഡ് വന്നു. ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോടു മുഖ്യമന്ത്രി നിർദേശിച്ചു. പരിശോധനയിൽ പുതിയ രീതി സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകി.