ഇന്ന് ഉത്രാടപ്പാച്ചിൽ. ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്താനായി ഓണത്തിരക്കിൽ കേരളം. ഓണം പ്രമാണിച്ച് നിയന്ത്രണങ്ങളെല്ലാം മാറ്റിയതോടെ ഓണവിപണികളെല്ലാം സജീവമായിക്കഴിഞ്ഞു. ഉത്രാട ദിനമായതിനാൽ ഇന്നും തിരക്ക് വർധിക്കും.
അതേസമയം, ഇത്തവണ കോവിഡ് മഹാമാരിയിൽ പകച്ചുനിൽക്കുമ്പോൾ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകൾക്കത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വസ്ത്രവ്യാപാരശാലകളിലും രാവിലെ മുതൽ തിരക്കായിരുന്നു. ഓണക്കോടിയെടുക്കാൻ നിരവധി പേരാണ് കടകളിലേക്ക് എത്തുന്നത്. ഗൃഹോപകരണ സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക വ്യാപാരസ്ഥാപനങ്ങളിലും ഓണത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഓണസദ്യകളും പായസവും ഒരുക്കി ഹോട്ടലുകളും ഓണത്തിന് സജീവമാണ്. പാഴ്സൽ സൗകര്യങ്ങളാണ് ഹോട്ടലുകളിൽ ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിനിടെ രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പോലീസും ആരോഗ്യവകുപ്പും.