പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ ലഭിക്കും. സമൂഹത്തിന്റെ പ്രത്യേക കരുതലിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരിലെ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതാണ് സര്‍ക്കാര്‍ നടപടി.
മുന്‍വര്‍ഷങ്ങളില്‍ നേരിട്ട് ഓണക്കോടി നല്‍കിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ അത് പ്രായോഗികമല്ലാത്തതിനാലാണ് ഓണക്കോടിക്കു പകരം തുക സമ്മാനിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അതുവഴിയും അല്ലാത്തവര്‍ക്ക് നേരിട്ടും തുക എത്തിക്കും.
അതിനായി ആകെ 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. 57655 പേര്‍ക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. അടിയന്തിരമായി ഈ ധനസഹായം അര്‍ഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.