കണ്ണൂർ: സംരംഭക സ്ഥാപനങ്ങള്‍ വൈവിധ്യവത്കരണത്തിലൂടെ മുന്നോട്ടുപോയാല്‍ എല്ലാവര്ക്കും തൊഴില്‍ നല്കാന് സാധിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് . കേരള ബീഡി -ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് വിവിധ തൊഴില്‍ പദ്ധതികളുടെ ഭാഗമായുള്ള ആടും കൂടും പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതിലൂടെ ദരിദ്രരില്ലാത്ത സമൂഹസൃഷ്ടിയാണ് ലക്ഷ്യം. ബീഡി, കൈത്തറി, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ എന്നിവരെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചാണ് ബീഡി തൊഴിലാളികള്‍ക്ക് മിനി ആടുവളര്‍ത്തല്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി രണ്ട് ആടും ഒരു കൂടും നല്‍കുന്നത്. സംസ്ഥാനത്ത് 650 തൊഴിലാളികള്‍ക്കാണ് ഇവ ലഭ്യമാക്കുക. 20 കോടി രൂപ വിനിയോഗിച്ച് തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 15 സ്കീമുകളില്‍ ഒന്നാണ് ആടും കൂടും പദ്ധതി. ബീഡിത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പ്, സൈക്കിള്‍ വിതരണം, ബീഡിത്തൊഴിലാളികള്‍ക്കുള്ള കോഴിയും കൂടും, തയ്യില്‍ മെഷിന് എന്നീ സ്കീമുകള്‍ ഇതുവരെ നടപ്പാക്കി.
പയ്യാമ്പലം ദിനേശ് ഭവനില്‍ നടന്ന പരിപാടിയില്‍ കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ ടി.പി. ശ്രീധരന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. നാരായണന് നമ്പൂതിരി, റീജണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.എന്‍. മുഹമ്മദ് ഫയാസ്, കെ.പി. സഹദേവന്, ടി.കൃഷ്ണന്, വി..വി. ശശീന്ദ്രന്, പി. കൃഷ്ണന്, ടി.കെ. ഹുസൈന്, എം. ഉണ്ണിക്കൃഷ്ണന്, പി. വല്‍സരാജ്, പി.പി. വിനോദ്, എം.കെ. ദിനേശ് ബാബു, എന്‍.വി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.