24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വനത്തിനുള്ളിൽ നിന്ന് താമസം മാറാൻ 1200 പേർ തയാർ.
Kerala

വനത്തിനുള്ളിൽ നിന്ന് താമസം മാറാൻ 1200 പേർ തയാർ.

സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിച്ച് വനമേഖലയ്ക്കുള്ളിലെ തങ്ങളുടെ ഭൂമി വിട്ടുനൽകാൻ സംസ്ഥാനത്ത് 1200 പേർ തയാറായി. വനമേഖല വിട്ടു പുറത്തേക്കു വരാൻ സമ്മതമുള്ളവരുടെ കണക്കെടുപ്പ് വനംവകുപ്പ്, വനമുള്ള എല്ലാ ജില്ലകളിലും തുടങ്ങി. വിവിധ ജില്ലകളിൽ വനത്തിനുള്ളിലെ 22 സെറ്റിൽമെന്റുകളിലുള്ളവരാണ് ഈ 1200 പേർ. ഇത്തരത്തിൽ തയാറായ ആദ്യ കുടുംബത്തെ കുളത്തൂപ്പുഴയിൽ വനംവകുപ്പ് പുനരധിവസിപ്പിച്ചു.
സംസ്ഥാനത്ത് ആയിരത്തിലേറെ സെറ്റിൽമെന്റുകളായി 5 ലക്ഷത്തോളം പേരാണ് വനത്തിനുള്ളിൽ താമസിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ പകുതിയോളം പേർ ആദിവാസികളല്ല.

സംസ്ഥാനത്തെ നഷ്ടപ്പെട്ട വനഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് വനമേഖലയ്ക്കുള്ളിലെ താമസക്കാരെ അവരുടെ സമ്മതപ്രകാരം വനത്തിനു പുറത്തേക്കു മാറ്റുന്നത്. ആദിവാസികൾ, ആദിവാസീയിതര താമസക്കാർ, തോട്ടങ്ങൾ എന്നിവയാണ് നിലവിൽ വനമേഖലയ്ക്കുള്ളിലെ സെറ്റിൽമെന്റുകൾ. ഇവരിൽ പരിസ്ഥിതിപരമായി വനവുമായി ഇടപഴകി കഴിയുന്ന ആദിവാസികളെ പുറത്തേക്കു മാറ്റുന്നില്ല. ഇതര വിഭാഗങ്ങളിൽ സമ്മതമുള്ളവരെ മാത്രമേ നഷ്ടപരിഹാരം നൽകി പുറത്തേക്ക‌ു മാറ്റുകയുള്ളൂ. പല കാലങ്ങളിൽ ജീവിക്കാനായി വനത്തിനുള്ളിൽ എത്തിയവരാണ് ഇവരുടെ കുടുംബക്കാർ. ഇവർക്കെല്ലാം സർക്കാർ പട്ടയം നൽകിയിട്ടുണ്ട്.

വന്യമൃഗശല്യം, മക്കളുടെ വിദ്യാഭ്യാസം, ചികിത്സാ സൗകര്യം, തൊഴിൽ എന്നിവയാണ് വനത്തിലുള്ളിലെ താമസക്കാരിൽ പലരെയും പുറത്തേക്കു മാറാൻ പ്രേരിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങളും പതിവാണ്.

ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

Related posts

കോസ്മോസ് മലബാറിക്കസ് പദ്ധതിക്കും പെയിന്റ് അക്കാഡമികൾക്കും നെതർലൻഡ്‌സുമായി ധാരണ

Aswathi Kottiyoor

ബിജു കുര്യന്‍ നാളെ ഇന്ത്യയിലെത്തുമെന്ന് മന്ത്രി പി പ്രസാദ്

Aswathi Kottiyoor

വയനാട് തുരങ്കപാത നിര്‍മാണോദ്ഘാടനം അടുത്തവർഷം മാർച്ചോടെ; നാലു വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox