റവന്യു വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഇതിനായി ഫയൽ അദാലത്ത് നടത്തും. സെക്രട്ടേറിയറ്റിലെ ഫയലുകളാവും ആദ്യം തീർപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇതിന് റവന്യു മന്ത്രിയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും നേതൃത്വം നൽകും.
ഒക്‌ടോബർ ഒന്നു മുതൽ പത്തു വരെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മീഷണറേറ്റിലെയും സർവേ ഡയറക്‌ട്രേറ്റിലെയും ഫയലുകൾ തീർപ്പാക്കും. ഒക്‌ടോബർ പത്ത് മുതൽ 30 വരെ ജില്ലാ കളക്‌ട്രേറ്റുകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല അദാലത്തുകൾ നടക്കും. നവംബറിൽ 77 താലൂക്ക് ഓഫീസുകളിൽ ജില്ലാ കളക്ടറുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാവും അദാലത്ത്. ഡിസംബറിലാണ് വില്ലേജ്തല അദാലത്തുകൾ. പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അദാലത്തുകളല്ലെന്നും ഉദ്യോഗസ്ഥർ ഇടപെട്ട് ഫയലുകൾ തീർപ്പാക്കുന്ന നടപടിയായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 12,000 പട്ടയം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 11500 പട്ടയം തയ്യാറായിട്ടുണ്ട്. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പഴയ കൊച്ചി, മലബാർ വില്ലേജുകളിൽ ഉൾപ്പെടുന്ന ഭൂമി ഏറ്റെടുക്കുന്നതിൽ കാണം ജൻമമാക്കുന്നതിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കും. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികളായി. പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോൾ വകുപ്പിന്റെ റിലീഫ് പോർട്ടലിൽ പൊതുജനങ്ങൾക്ക് തന്നെ മൊബൈലിൽ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും. റവന്യു വകുപ്പിൽ 685 ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. ഐ. എൽ. ഡി. എമ്മിനെ സെന്റർ ഓഫ് എക്‌സലൻസ് ആയി മാറ്റും.
റവന്യു വകുപ്പിലെ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലിന് റവന്യു സെക്രട്ടേറിയറ്റിന്റെ രൂപീകരണത്തിലൂടെ കഴിയുന്നുണ്ട്. ജില്ലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ റവന്യു അസംബ്‌ളി രൂപീകരിച്ചു. റവന്യുവിൽ പരാതി സ്വീകരിക്കുന്നതിന് സെപ്റ്റംബർ ആദ്യ വാരത്തോടെ പുതിയ ഡാഷ്‌ബോർഡ് പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.