കൊട്ടിയൂര്‍:വെങ്ങലോടിയില്‍ വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ ഭീതിപരത്തുന്നു. കഴിഞ്ഞദിവസമാണ് പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യം ഉണ്ടായത്.വെങ്ങലോടിയിലെ താന്നിക്കല്‍ അന്നക്കുട്ടിയുടെ വീട്ടുപറമ്പിലാണ് വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
രാത്രികാലങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നതും ഭയപ്പാടോടെ പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രദേശവാസികള്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വീട്ടുപറമ്പില്‍ പലയിടങ്ങളിലായി വന്യജീവി യുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ നിലയില്‍ കണ്ടത്.
ഇവര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ പ്രദേശവാസികള്‍ ഒന്നടങ്കം ഭീതിയിലായിരിക്കുകയാണ്.ചുറ്റും കാട് നിറഞ്ഞ പ്രദേശമായതിനാല്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍ ഇപ്പോള്‍.കൂടാതെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും പ്രദേശവാസികള്‍ ആശങ്കയിലാണ്. നിരന്തരം വന്യജീവി കളുടെ സാന്നിധ്യം മൂലം ജീവിതം ദുസ്സഹമാണ് മലയോര മേഖലയിൽ .