സൗദിയില്‍ കോവാക്സിന് അംഗീകാരമില്ലാത്തതിനാല്‍ കോവിഷീല്‍ഡ് വാക്സിന് തനിക്കു മൂന്നാം ഡോസായി നല്‍കണമെന്ന പ്രവാസി മലയാളിയുടെ ആവശ്യം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്കാന് നിര്‍ദേശം നല്കി.
കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ബെഞ്ചാണു പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കവെ മൂന്നാം ഡോസ് നല്കാന് ക്ലിനിക്കല്‍ അംഗീകാരമില്ലെന്നും, ഹര്‍ജിക്കാരന്റെ ആവശ്യം അനുവദിച്ചാല്‍ സമാന ആവശ്യവുമായി ഒട്ടേറെപ്പേര്‍ മുന്നോട്ടു വരുമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് വാദിച്ചു. ആദ്യഡോസ് പോലും എല്ലാവര്ക്കും നല്‍കാനാകാത്ത സാഹചര്യത്തില്‍ മൂന്നാം ഡോസ് എന്ന ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇതേ നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചത്.
ഹര്‍ജിക്കാരന്റെ ജോലി നഷ്ടമാകട്ടെ എന്നാണോ പറയുന്നതെന്ന് ഈ ഘട്ടത്തില്‍ ഹൈക്കോടതി ചോദിച്ചു. കുട്ടികളുടെ ഫീസും ലോണ്‍ തിരിച്ചടവും ഒക്കെ ശമ്പളത്തില്‍ നിന്നു കൊടുക്കേണ്ടതല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു. കോവാക്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ എടുക്കുമായിരുന്നില്ലെന്നും ഇപ്പോള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കോവിഷീല്‍ഡ് എടുക്കാന്‍ തയാറാണെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.