സംസ്ഥാനത്ത് അസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 96 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മൂന്ന് മാസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ല. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും കോടതി വിമര്‍ശിച്ചു.
സര്‍ക്കാരിന് മദ്യം വില്‍ക്കണമെങ്കില്‍ മദ്യശാലകളില്‍ അതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ചെറിയ കടകളില്‍ പോലും കര്‍ശന കോവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂടുന്ന മദ്യശാലകളില്‍ തിക്കുംതിരക്കുമുണ്ടാകുന്ന സ്ഥിതി തുടരാനാകില്ല. മാന്യമായി മദ്യം വാങ്ങാനും മദ്യം വില്‍ക്കാനുമുള്ള സൗകര്യം വേണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് 96 ഔട്ട്‌ലെറ്റുകള്‍ മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ തന്നെയാണ് കോടതിയെ ബോധിപ്പിച്ചത്. ഇവ മാറ്റി സ്ഥാപിക്കാന്‍ രണ്ട് മാസത്തെ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മദ്യശാലകള്‍ക്ക് മാത്രമായി പ്രത്യേക മാനദണ്ഡമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കോടതി രൂക്ഷഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
മദ്യം വാങ്ങാന്‍ വരുന്നവര്‍ക്കും ഒരു മാന്യതയുണ്ട്. അത് കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും കോടതി ഓര്‍മപ്പെടുത്തി. കന്നുകാലി തൊഴുത്തിലേക്ക് പോകുന്ന അവസ്ഥയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിലുള്ളതെന്ന് കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.
കേസ് സെപ്തംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.