മണത്തണ : കൊട്ടിയൂർ ക്ഷേത്രത്തിലും ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിലും നിറപുത്തരി ചടങ്ങു നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ഈശാനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കൊട്ടിയൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നടന്നത്. മണത്തണ കുണ്ടേൻ ക്ഷേത്രത്തിൽ നടന്ന നിറ പുത്തരി ചടങ്ങുകൾക്ക് നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ബാലകൃഷ്ണൻ മാരാരും സേതുനാഥ് വാര്യരും സഹായികളായി.
നാട്ടിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറയുന്നതിനുവേണ്ടി കൊണ്ടാടുന്ന ആഘോഷമാണ് കർക്കിടകത്തിലെ നിറപുത്തരി. വീട്ടിലും നാട്ടിലും ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറയ്‌ക്കുന്നത്തിനു വേണ്ടിയാണ് നിറപുത്തരി നടത്തുന്നത്. പണ്ട് കാലത്ത് വീടുകളിലും നടത്തിയിരുന്ന ഈ ചടങ്ങ് ഇന്ന് ക്ഷേത്രങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്.
കർക്കടകത്തിന്റെ രണ്ടാം പകുതിയോടെയാണ് ക്ഷേത്രങ്ങളിൽ നിറപുത്തരി നടക്കുക. പാടത്തു വിളഞ്ഞ പുന്നെല്ലിനെ ഐശ്വര്യ ദേവതയായി കണ്ട് ക്ഷേത്രത്തിനകത്തേക്ക് വരവേൽക്കുന്നു. ക്ഷേത്രത്തിൽ പൂജിക്കുന്ന ഈ നെൽക്കതിരുകൾ പിന്നീട് വീടുകളിൽ സൂക്ഷിക്കനായി ഭക്തർക്ക് നൽകുകയും ഇത് വീടുകളിൽ ഉമ്മറത്ത് കെട്ടിവെക്കുകയും ചെയുന്നു.