കേളകം : ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റിന്ത്യാ സമരം. ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാന്‍ ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യ ദിനത്തിന്‍റെ അനുസ്മരണവും ദിനചാരണവും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
ഓൺലൈനായി നടന്ന ചടങ്ങിൽ ഇരിട്ടി എം ജി കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ പ്രമോദ് വെള്ളച്ചാൽ ക്വിറ്റിന്ത്യാ ദിനസന്ദേശം നൽകി. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ബീന ഉണ്ണി ആമുഖഭാഷണം നടത്തി. വിദ്യാർത്ഥിയായ അഭിനവ് എം എസ് ക്വിറ്റിന്ത്യാ ദിന സന്ദേശം നൽകി. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
ചടങ്ങിൽ വിദ്യാർത്ഥികളായ എയ്ഞ്ചൽ കെ എലിസബത്ത് സ്വാഗതവും ആൻ മരിയ സിബി നന്ദിയും അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ നൈസ് മോൻ, സനില എൻ, ഫാ. എൽദോ ജോൺ, ദീപ മരിയ ഉതുപ്പ് , ജാൻസൺ ജോസഫ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.