ഇരിട്ടി : സ്വകാര്യ ആശുപത്രികളെ സഹായിക്കാനായി ഇരിട്ടി താലൂക്ക് ആശുപത്രിയെ നശിപ്പിക്കുന്ന നയമാണ് മുൻ ആരോഗ്യമന്ത്രി ശൈലജടീച്ചറും ഇപ്പോഴത്തെ എം എൽ എ സണ്ണി ജോസഫും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. ദേശീയ ആരോഗ്യദൗത്യം ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുകയും ഉദ്‌ഘാടനം കഴിഞ്ഞ് അഞ്ചു മാസമായിട്ടും അടഞ്ഞുകിടക്കുന്ന താലൂക്ക് ആശുപത്രി മാതൃ ശിശു ബ്ലോക്ക് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരിദാസ്. തന്റെ മണ്ഡലത്തിൽ ഇങ്ങിനെ ഒരു പ്രശ്നമുണ്ടായിട്ടും ഇപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ ഒരു സബ്‌മിഷനിൽ പോലും എം എൽ എ ഈ വിഷയം ഉന്നയിച്ചിട്ടില്ല. ഉദ്‌ഘാടന വേളയിൽ തന്റെ നാടിനെയും നാട്ടുകാരെയും അവർക്ക് ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനെയും കുറിച്ചും ഇനിയും ഇതിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ താൻ ജനിച്ചു വളർന്ന നാടിനുവേണ്ടി ചെയ്യാൻ തയ്യാറാണെന്നും വാചാലമായി സംസാരിച്ച അന്നത്തെ ആരോഗ്യ മന്ത്രി എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിനു ശേഷം നാടിനെ മറന്നതെന്നും ഹരിദാസ് ചോദിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്റ് എം. ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.വി. ചന്ദ്രൻ, വിജയൻ വട്ടിപ്രം, കെ. ശിവശങ്കരൻ , അജേഷ് നടുവനാട് , കെ. ജയപ്രകാശ്, ഗീതാ രാമകൃഷ്ണൻ, പ്രിജേഷ് അളോറ , കൗൺസിലർമാരായ എ.കെ. ഷൈജു, സി.കെ. അനിത, പി.പി. ജയലക്ഷ്മി, വി. പുഷ്പ, വിവേക് കീഴൂർ എന്നിവർ സംസാരിച്ചു.
ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി
========
ധർണക്ക് ശേഷം ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസന്റേയും മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷിന്റെയും നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ . പി.പി. രവീന്ദ്രന് ഇത് സംബന്ധിച്ച് നിവേദനവും നൽകി .
previous post