കണ്ണൂർ: ബൈക്കിൽ “ചെത്താ’നിറങ്ങുന്ന ഫ്രീക്കൻമാരെ ഒതുക്കാൻ മോട്ടോർ വാഹനവകുപ്പ് രംഗത്ത്. ചങ്ങനാശേരി അപകടത്തിന്റെ പശ്‌ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് മോട്ടോർ വാഹനവകുപ്പ് നടത്തുന്നത്. ബൈക്ക് പിടികൂടുക മാത്രമല്ല, ലൈസൻസും റദ്ദ് ചെയ്യും.
ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലായിടത്തും ഇരുചക്രവാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഇതിനായി “ഓപ്പറേഷൻ റാഷ്’ എന്ന പദ്ധതി ആവിഷ്‌കരിച്ചാണ് നടപടി. ഇതിനോടകം തന്നെ നൂറോളം ബൈക്കുകൾ പിടികൂടി.
ലോക്‌ഡൗൺ ആയതോടെയാണ് ഫ്രീക്കൻമാർ കൂട്ടത്തോടെ ബൈക്കുമായി നിരത്തിൽ അഭ്യാസം കാണിക്കാൻ തുടങ്ങിയത്. യുട്യൂബിലും ഇൻസ്‌റ്റഗ്രാമിലും വൈറലാകുന്ന വീഡിയോ കണ്ട് ആവേശം മൂത്ത് പല കുട്ടികളും എത്തിത്തുടങ്ങി. ഇവർ നടത്തുന്ന അഭ്യാസം മൊബൈലിലോ കാമറയിലോ പകർത്തി അത് ഫേസ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലും ഇട്ട് ലൈക്കും ഷെയറും പരമാവധി കൂട്ടുകയാണ് ലക്ഷ്യം. വേഗത്തിന് കൂട്ടായി അൽപം ലഹരി വസ്‌തുക്കളും ഉപയോഗിച്ചുകൊണ്ടാണ് ചിലരുടെ അഭ്യാസം.
കൗമാരക്കാരുടെ അഭ്യാസ പ്രകടനത്തിന് മറ്റുള്ളവരുടെ ജീവൻ ബലികൊടുക്കേണ്ട സാഹചര്യമായതോടെ അധികൃതർ നടപടി കർശനമാക്കുകയായിരുന്നു. അഭ്യാസക്കാരുടെ ജീവനും നിരത്തിൽ പൊലിയുന്നുണ്ട്. ബൈക്കിൽ യുവാക്കൾ അഭ്യാസ പ്രകടനം കുടുതലും നടക്കുന്ന സ്ഥലങ്ങളായ പാറോച്ചാൽ ബൈപാസ്, ഈരയിൽകടവ് ബൈപാസ് എന്നിവിടങ്ങളിൽ മഫ്‌ടിയിലും പരിശോധന ശക്തമാക്കി.
മോട്ടോർ വാഹനവകുപ്പിനെ അറിയിക്കാം
കോട്ടയം ജില്ലയിൽ ഇത്തരത്തിലുള്ള നിയമലംഘനം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റിനെ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാം. ഫോൺ: 91889 61005. അമിത ശബ്ദത്തിനായി ഇരുചക്രവാഹനത്തിന്റെ പുകക്കുഴൽ മാറ്റുക, വണ്ടികളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റുക, മഡ്‌ഗാഡുകളുടെ മാറ്റം, വാഹനത്തിന്റെ രൂപ മാറ്റം ഇവയെല്ലാം ഗുരുതര കുറ്റകൃത്യമായിട്ടാണ് കാണുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.