എസ്‌സി, എസ്ടി, ഒബിസി സംവരണം ലഭിക്കാത്ത എല്ലാവരും മുന്നാക്ക സംവരണത്തിന് അർഹരാണെന്നും സംവരണം ലഭിക്കാൻ മുന്നാക്ക കമ്മിഷന്റെ പട്ടികയിൽ ഉൾപ്പെട്ടേ തീരൂ എന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സംവരണമില്ലാത്ത 164 വിഭാഗങ്ങളെ പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്ക്) വിഭാഗവും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യൻ റോമൻ കാത്തലിക്, സിറോ മലബാർ ക്രിസ്ത്യൻ, ആർസി, ആർസിഎസ്, ക്രിസ്ത്യൻ ആർസി എന്നീ വ്യത്യസ്ത ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങളെല്ലാം ഒന്നുതന്നെയാണെന്നു വ്യക്തമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരികയാണ്. ഇത്തരം ചില അപാകതകൾ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്.
സംസ്ഥാന കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. മുന്നാക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമേ മുന്നാക്ക സംവരണ സർട്ടിഫിക്കറ്റ് നൽകാവൂ എന്നു സർക്കാർ നിർദേശം നൽകിയിട്ടില്ല.
ജാതി, മത വ്യത്യാസം കൂടാതെ ഇപ്പോൾ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ മുന്നാക്ക സംവരണത്തിന് അർഹരാണെന്നും റോജി എം.ജോണിന്റെ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.