നിലവിൽ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ജാതി-മത വ്യത്യാസം കൂടാതെ ഇഡബ്ല്യുഎസ് (സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള) സംവരണത്തിന് അർഹരാണെന്നു മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയെ അറിയിച്ചു.
മുന്നാക്ക കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടാത്തവരും നിലവിൽ എസ്സി-എസ്ടി, ഒബിസി സംവരണമൊന്നും ലഭിക്കാത്തതു മായ വിഭാഗങ്ങളും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന് അർഹരാണ്. നിലവിലെ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമേ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്നു സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും റോജി എം. ജോണിന്റെ സബ്മിഷനു മറുപടിയായി അദ്ദേഹം അറിയിച്ചു.
മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള സംസ്ഥാന കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടിക ജാതി-വർഗം, സംസ്ഥാന- കേന്ദ്ര ഒബിസി പട്ടികയിൽ ഉൾപ്പെടാത്തതും തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാത്തതുമായ 164 വിഭാഗങ്ങളെ സംവരണേതര വിഭാഗങ്ങളായി പ്രഖ്യാപിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിറിയൻ കാത്തലിക്(സീറോ മലബാർ കാത്തലിക്) വിഭാഗവും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യൻ റോമൻ കാത്തലിക്, സീറോ മലബാർ ക്രിസ്ത്യൻ, ആർസി, ആർസിഎസ്, ക്രിസ്ത്യൻ ആർസി എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഒന്നുതന്നെയാണെന്നു വ്യക്തമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരികയാണ്. ഇത്തരത്തിലുള്ള ചില അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സംസ്ഥാന കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.