28.8 C
Iritty, IN
July 2, 2024
  • Home
  • Iritty
  • മാക്കൂട്ടത്ത് കർശന നിയന്ത്രണം – കർണ്ണാടകത്തിലേക്കു പോകാൻ ആർ ടി പി സി ആർ നിർബന്ധം
Iritty

മാക്കൂട്ടത്ത് കർശന നിയന്ത്രണം – കർണ്ണാടകത്തിലേക്കു പോകാൻ ആർ ടി പി സി ആർ നിർബന്ധം

ഇരിട്ടി: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മാക്കൂട്ടം ചുരം വഴി കർണ്ണാടകത്തിലേക്കു പോകുന്ന യാത്രക്കാർക്ക് ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കുടക് ഭരണകൂടം. കേരളത്തിൽ നിന്നുള്ളയാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റും ചരക്ക് വാഹനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റുമാണ് നിർബന്ധമാക്കിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ ഭരണകൂടം പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ തടഞ്ഞു നിർത്തിയാണ് പരിശോധന. അതിർത്തിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് നൂറു കണക്കിന് യാത്രക്കാരേയും വ്യാപാരികളേയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. അതിർത്തിയിലെ നിയന്ത്രണങ്ങൾ പരിശോധിക്കാൻ വീരാജ് പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യയും തിങ്കളാഴ്ച്ച മാക്കൂട്ടത്ത് എത്തി സംവിധാനങ്ങൾ പരിശോധിച്ചു.
ഇതുവരെ ഒരു വാക്സിനേഷനെങ്കിലും ചെയ്തവരെ കടത്തിവിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ നൂറുകണക്കിന് യാത്രക്കാരെ ചെക്ക് പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും പ്രവേശനാനുമതി നിഷേധിച്ചു. മാക്കൂട്ടത്ത് റോഡ് ഭാഗിതമായി അടയ്ക്കുകയും 24 മണിക്കൂറും ചെക്ക് പോസ്റ്റിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു . ഇതിനായി ഒരു എസ് ഐ യുടെ നേതൃത്വത്തിൽ നാലു പോലീസുകാരെ മൂന്ന് ഷിഫ്റ്റായി ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു . ഹെൽത്ത് ഇൻസ്‌പെക്ടർ, ലാബ് അസിസ്റ്റന്റ്, വില്ലേജ് ഓഫീസർ എന്നിവർ അടങ്ങിയ നാലു ജീവനക്കാരും 24 മണിക്കൂറും പരിശോധനയ്ക്കായി ഉണ്ടാകും. എന്നാൽ ആംബുലൻസ് പോലുള്ള അത്യാവശ്യ സർവീസുകളും മറ്റും അനുവദിക്കും. ഇതിനായി ഇത്തരക്കാർക്കായി സൗജന്യ ആന്റിജൻ പരിശോധനയും ഒരുക്കിയിട്ടുണ്ട് .
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കുടക് ജില്ലാ ഭരണകൂടം അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച ഉത്തരവ് ഇറങ്ങിയത്. പലരും നേരം വെളുത്ത് ഏറെ വൈകിയ ശേഷമാണ് ചെക്ക് പോസ്റ്റിൽ വരുത്തിയ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് അറിയുന്നത് പോലും . ചരക്ക് വാഹനങ്ങളിലെ തൊഴിലാളികളേയും രണ്ട് ഡോസ് വാക്‌സിൻ എടുത്ത് സ്ഥിരം യാത്ര ചെയ്യുന്നവരേയുമാണ് പുതിയ ഉത്തരവ് ഏറെ ബാധിച്ചത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കുപോലും നിയന്ത്രണം വന്നത് കടുത്ത എതിർപ്പിനും ഇടയാക്കി. രണ്ട് ഡോസ് എടുത്ത് ദൂര സ്ഥലങ്ങിളിൽ നിന്നും എത്തിയവർ ഏറെ നേരം ചെക്ക് പോസ്റ്റിൽ കുടുങ്ങി. പലരും ടെസ്റ്റ് നടത്താനായി വീണ്ടും ഇരിട്ടിയിൽ തിരിച്ചെത്തി പരിശോധന നടത്തി. ബംഗളൂരു , മൈസൂരു ഭാഗങ്ങളിൽനിന്നും പച്ചക്കറികളും മറ്റുമായി വന്ന വാഹന തൊഴിലാളികൾക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല. പലർക്കും ഏഴ് ദിവസം മുൻമ്പ് എടുത്ത പരിശോധനാ ഫലമായിരുന്നു ഉണ്ടായിരുന്നത്. ചരക്ക് വാഹന തൊഴിലാളികൾക്ക് ഉണ്ടായിരുന്ന 14 ദിവസത്തെ പരിരക്ഷ ഏഴ് ദിവസമാക്കി ചുരുക്കിയതോടെ നിരവധി പേർ പോസ്റ്റിൽ കുടുങ്ങേണ്ടി വന്നു. പലരും വീണ്ടും ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചാണ് തിരിച്ചുപോയത്.
അതേസമയം കുടകിൽ കോവിഡ് ഇപ്പോൾ നിയന്ത്രണ വിധേയമാണ്. പ്രതിദിനം 200-ൽ അധികം രോഗികളുണ്ടായ സ്ഥാനത്ത് ഇപ്പോൾ ആകെ നൂറോളം രോഗികൾ മാത്രമാണ് ഉള്ളത്. മലയാളികൾ ഏറെയുള്ള പ്രദേശമാണ് കുടക്. ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് കേരളത്തിൽ നിന്നും കുടകിൽ എത്തുന്നത്. ഇതിൽ ഏറെ പേരും ദിനംപ്രതിയുള്ള യാത്രക്കാരാണ്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടി വരുന്നതും മലയാളികളുമായുള്ള സമ്പർക്കം കുടകിൽ രോഗവ്യാപനത്തിന് ഇടയാക്കുമോയെന്ന പേടിയുമാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നയിച്ചിരുന്നത് .

Related posts

ടെറസിൽ നിന്നും കാൽ വഴുതിവീണ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു

Aswathi Kottiyoor

നിലവിളി നിലയ്‌ക്കുന്നില്ല

Aswathi Kottiyoor

ഇരിട്ടി താലൂക്ക് മിനി സിവിൽ സ്റ്റേഷന്റേയും വിവിധ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു………

Aswathi Kottiyoor
WordPress Image Lightbox