ഒരേ വ്യക്തിക്കു വ്യത്യസ്ത വാക്സീനുകൾ നൽകുന്ന വാക്സീൻ മിക്സിങ് രീതിയുടെ സാധ്യത ഇന്ത്യ പരിഗണിക്കുന്നു. ആദ്യ ഡോസായി നൽകിയ വാക്സീനു പകരം മറ്റൊരു വാക്സീൻ രണ്ടാം ഡോസായി നൽകുന്നതാണ് ഈ രീതി (ഹെറ്റിറോലോഗസ് കുത്തിവയ്പ്).
കഴിഞ്ഞ ദിവസമാണ് ഇതിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ശുപാർശ ചെയ്തത്. കോവിഷീൽഡ്– കോവാക്സിൻ, ഭാരത് ബയോടെക്കിന്റെ നേസൽ വാക്സീൻ– കോവാക്സീൻ പരീക്ഷണങ്ങൾ നടത്തും.
വാക്സീനുകളുടെ നിർമാണ രീതി, പ്രവർത്തനരീതി എന്നിവ വ്യത്യസ്തമായതിനാൽ പ്രക്രിയയ്ക്ക് ധാരാളം മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടി വരും. പാർശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ ഇക്കൂട്ടത്തിൽ പെടും.
എന്താണ് നേട്ടം?
മറ്റൊരു വാക്സീൻ രണ്ടാം ഡോസായി നൽകിയാൽ പ്രതിരോധ ശേഷി മെച്ചപ്പെടുമെന്നാണ് നിഗമനം. എബോള, റോട്ടാവൈറസ് എന്നിവയുടെ വാക്സീനുകളിൽ ഇത്തരം പരീക്ഷണം നടന്നിട്ടുണ്ട്. ഫൈസർ–അസ്ട്രാസെനക, സ്പുട്നിക്–അസ്ട്രാസെനക തുടങ്ങിയവയുടെ മിക്സ് പരീക്ഷണങ്ങൾ ലോകത്ത് പലയിടങ്ങളിലും ഇപ്പോൾ നടക്കുന്നുണ്ട്.
ഒരു വാക്സീന്റെ ആദ്യ ഡോസ് എടുത്തയാൾക്കു പാർശ്വഫലം റിപ്പോർട്ട് ചെയ്താൽ മറ്റൊരു വാക്സീൻ കൊണ്ടു കുത്തിവയ്പ് പൂർത്തിയാക്കാൻ കഴിയുമെന്ന സാധ്യതയുമുണ്ട്.