തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് രണ്ടു മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് 28% മഴക്കുറവ്. ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്യേണ്ടത് 1363 മില്ലിമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 985.9 മില്ലിമീറ്റർ മാത്രം.
കോട്ടയം ജില്ലയിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. 38% മഴക്കുറവ് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലാണ് ഏറ്റവും മഴക്കുറവ്. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ 37 % മഴക്കുറവ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 36ശതമാനവും തിരുവനന്തപുരത്ത് 35ശതമാനവുമാണ് കുറവ്. കോട്ടയത്ത് മൂന്നും പത്തനംതിട്ടയിൽ പത്തും എറണാകുളത്ത് 16 ശതമാനവുമാണ് മഴക്കുറവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്താകെ കാലവർഷം ദുർബലമായി തുടരുകയാണ്.