വാട്സാപ്പിന് ഇന്ത്യൻ ബദൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ‘സന്ദേശ്’ എന്ന ആപ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ അവതരിപ്പിച്ചു. മൊബൈൽ നമ്പറോ ഇ–മെയിൽ ഐഡിയോ ഉപയോഗിച്ച് ആപ്പിൽ റജിസ്റ്റർ ചെയ്യാം. വ്യക്തിഗത, ഗ്രൂപ്പ് മെസേജുകളും ഫയലുകളും അയയ്ക്കാനും ഓഡിയോ– വിഡിയോ കോളുകൾ വിളിക്കാനും സാധിക്കും. ഇ–ഗവൺമെന്റ് ആപ്ലിക്കേഷനും കൂട്ടിച്ചേർത്തിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർ, സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ആപ് പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിൽ നിർമിച്ച, ക്ലൗഡ് അധിഷ്ഠിതമായ സന്ദേശ് ആപ് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ആണ് വികസിപ്പിച്ചത്.