കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഇന്ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്.
നാളെ മുതല്‍ പ്രളയ സെസ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് അറിയിച്ചത്.
ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തന്നെ സെസ് ഇല്ലാതാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍, ബൈക്ക്, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ്, പെയിന്‍റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ് ചുമത്തിയിരുന്നു.
പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ്വെയറില് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.