ലോക്ക്ഡൗണ്‍ തുടർന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥ നിർദേശങ്ങൾ പ്രായോഗികമായില്ല. ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം തുടരണോ എന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിൽ ഉടൻ തീരുമാനം വേണം. ബുധനാഴ്ചയ്ക്കകം ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിയോടും വിദഗ്ധ സമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക് പ്രയാസമുണ്ട്. മറ്റ് ശാസ്ത്രീയ നിർദേശങ്ങൾ വേണം. പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്സിന് നല്കാന് കേരളത്തിന് ശേഷിയുണ്ട്. നാല് ലക്ഷം ഡോസ് വാക്സിന് കഴിഞ്ഞ ദിവസം കൊടുക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്സിന് എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്കാന് സംസ്ഥാനത്തിന് സാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.