ഇരിട്ടി : റവന്യൂ മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി നടത്തിയ യോഗത്തിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവച്ചു. പായം വില്ലേജ് ഓഫീസിലെ അഡീഷണൽ റൂം ചുറ്റുമതിൽ നിർമാണം, ആറളം വില്ലേജ് ഓഫീസ് കെട്ടിട നിർമാണം എന്നിവ ആരംഭിക്കണമെന്നും ചാവശേരി, കേളകം, മുഴക്കുന്ന്, കരിക്കോട്ടക്കരി വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്നും എംഎൽഎ ആവ ശ്യപ്പെട്ടു.
പായം വില്ലേജിന്റെ പരിധിയിലുള്ള ഇരിട്ടി നഗരസഭയിലെ എടക്കാനം പ്രദേശത്തെ ഭൂമിശാസ്ത്രപരമായ ഘടനയും ജനങ്ങളുടെ സൗകര്യവും പരിഗണിച്ച് സമീപത്തുള്ള കീഴൂർ വില്ലേജ് പരിധിയിൽ ഉൾപ്പെടുത്തണം. ലാൻഡ് അക്വിസിഷൻ നടപടികൾ അനന്തമായി നീണ്ടുപോകുന്നത് തടയുകയും ലാൻഡ് ട്രൈബ്യൂണലുകൾക്ക് മുന്പിലുള്ള എല്ലാ അപേക്ഷകളും കാലതാമസമില്ലാതെ തീർപ്പാക്കുകയും വേണം.പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. ഇരിട്ടി മിനി സിവിൽ സ്റ്റേഷന് ആറുമാസം മുന്പ് തറക്കല്ലിട്ടിരുന്നുവെങ്കിലും പണി ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.