വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപനത്തിനു കേരളത്തിൽനിന്ന് ഒന്നേമുക്കാൽ ലക്ഷം റബർ തൈകൾകൂടി മൂന്നാംഘട്ടമായി ശനിയാഴ്ച സ്പെഷൽ ട്രെയിനിൽ കൊണ്ടുപോകും. ജൂണിൽ പരീക്ഷണാർഥം പതിനായിരം തൈകൾ കൊണ്ടുപോയതിനു പിന്നാലെ രണ്ടാഴ്ച മുൻപ് ഒന്നര ലക്ഷം തൈകൾ സ്പെഷൽ ട്രെയിനിൽ കയറ്റി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിച്ച് നട്ടിരുന്നു. റബർ ബോർഡിന്റെയും സ്വകാര്യ വ്യക്തികളുടെയും നഴ്സറികളിൽനിന്നുള്ള ആർആർഐഐ 105, 430 ക്ലോണ് തൈകളാണ് ഇത്തവണയും ശേഖരിച്ചിരിക്കുന്നത്.
ശനിയാഴ്ച തിരുവല്ലയിൽനിന്നു വൈകുന്നേരം 3.45നു പുറപ്പെടുന്ന ഭാരതപ്പുഴ-ബ്രഹ്മപുത്ര റബർ എക്സ്പ്രസ് ചൊവ്വാഴ്ച പുലർച്ചെ ഗോഹട്ടിയിലെത്തും. അവിടെനിന്നും അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, മിസോറാം, സിക്കിം, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ട്രക്കുകളിൽ തൈകൾ കൊണ്ടുപോകുന്നത്.
അവിടത്തെ റബർ നഴ്സറികളിൽ തയാറാക്കിയിരിക്കുന്ന തൈകളും ഇതിനൊപ്പം നടുന്നുണ്ട്. 11.5 ലക്ഷം രൂപയ്ക്കാണു തൈകൾ കൊണ്ടുപോകാനുള്ള ട്രെയിൻ വാടകയ്ക്കെടുക്കുന്നത്. അടുത്ത ഏഴു വർഷങ്ങൾക്കുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആറായിരം ഹെക്ടറിൽ റബർ കൃഷി വ്യാപിപ്പിക്കാനാണു നീക്കം.
റബർ വ്യവസായികളുടെയു ള്ള മുതൽമുടക്കിലാണ് ആസാം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ സൗജന്യമായി തൈകൾ കർഷകരിൽ എത്തിച്ച് ഹെക്ടറിന് അര ലക്ഷം രൂപ ചെലവിൽ കൃഷി നടത്തിക്കൊടുക്കുന്നത്. റബർ ബോർഡും ഉദ്യോഗസ്ഥരും ഓഫീസ് സംവിധാനങ്ങളും ഇത്തരത്തിലുള്ള കൃഷിവ്യാപനത്തിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തികയാണ്.
ഓഗസ്റ്റ് അവസാനവാരം ഇത്തരത്തിൽ ഒന്നേമുക്കാൽ ലക്ഷം തൈകൾകൂടി കേരളത്തിൽനിന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇക്കൊല്ലം കേരളത്തിൽ കർഷകർക്ക് വേണ്ടിടത്തോളം റബർത്തെെ റബർ ബോർഡ് നഴ്സറികളിൽ ലഭിക്കാതിരിക്കെയാണ് കേരളത്തിൽ തൈ വളർത്തിയും സ്വകാര്യ നഴ്സറികളിൽനിന്ന് 100 രൂപ നിരക്കിൽ വാങ്ങിയും ആസാം മേഖലയിൽ റബർ കൃഷി പോഷിപ്പിക്കുന്നത്.