കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഡീസീസ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ആറംഗ വിദഗ്ധ സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
കേരളത്തില്‍ ഇപ്പോഴും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ക്കു വിദഗ്ധ സംഘം പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്താകെയുള്ള പ്രതിദിന കോവിഡ് കേസുകളില്‍ 40 ശതമാനത്തോളം കേരളത്തിലാണ്. അടുത്തിടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ കേരള സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന സര്‍ക്കാരിനു കത്ത് അയയ്ക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇപ്പോഴും ആറു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ കൂടുതല്‍ വാക്‌സീന്‍ കേരളം നല്‍കുന്നുണ്ടെങ്കിലും സിറോ പോസിറ്റിവിറ്റി നിരക്ക് കുറവാണ്. ഐസിഎംആര്‍ സര്‍വേയില്‍ കേരളത്തിലെ നിരക്ക് 44.4 ശതമാനമാണ്.