21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിദൂര വിദ്യാഭ്യാസം തുലാസിൽ; ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ.
Kerala

വിദൂര വിദ്യാഭ്യാസം തുലാസിൽ; ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ.

സംസ്ഥാനത്തെ ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി പ്രശ്നം നിയമ പോരാട്ടത്തിലേക്ക്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ തുടർന്നും നടത്തുന്നതിനു ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി തീരുമാനിച്ചു.ഈ സർവകലാശാലകളിൽ ഇത്തരം കോഴ്സുകൾ പുനരാരംഭിക്കാൻ അനുവാദം നൽകി സർക്കാർ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കാത്ത സാഹചര്യത്തിലാണ് കേസിനു പോകുന്നത്. നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ ഉത്തരവിലൂടെ തിരുത്താനാവില്ല. ഈ സാഹചര്യത്തിൽ ഇത്തരമൊരു ഉത്തരവിലൂടെ കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സ് തുടങ്ങിയാലും നിയമപ്രാബല്യം ഉണ്ടാകില്ല.

ഓരോ വർഷവും ലക്ഷത്തിലേറെ വിദ്യാർഥികളാണ് വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകളിൽ പുതിയതായി ചേരുന്നത്. നിയമ പ്രാബല്യമില്ലാതെ ഇത്തരം കോഴ്സുകൾ പുനരാരംഭിച്ചാൽ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാം. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിക്കു കോടതിയെ സമീപിക്കുന്നത്. നിയമസഭ സമ്മേളിക്കുന്ന സാഹചര്യത്തിൽ ഭേദഗതി ബിൽ കൊണ്ടുവരികയോ, നിയമസഭാ സമ്മേളനത്തിനു ശേഷം ഓർഡിനൻസ് ഇറക്കുകയോ വേണമെന്നാണ് ആവശ്യം.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല നിയമത്തിലെ വകുപ്പ് 72(1) പ്രകാരം സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് റജിസ്ട്രേഷനിലൂടെയോ കോഴ്സുകൾ നടത്തുന്നതു പൂർണമായും വിലക്കിയിരിക്കുകയാണ്. ഓപ്പൺ സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് ആരംഭിക്കുന്ന മുറയ്ക്ക് മറ്റു സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ ഇല്ലാതാകുമെന്ന വ്യവസ്ഥയാണ് നിയമത്തിൽ ചേർത്തിരുന്നതെങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നു.പകരം മറ്റു സർവകലാശാലകളെ ഒറ്റയടിക്കു വിലക്കുന്ന വ്യവസ്ഥ ചേർത്തതാണു വിനയായത്. ഇതു കരട് ബിൽ തയാറാക്കിയവരുടെ വീഴ്ചയാണെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഇതുവരെ യുജിസിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കാത്തതിനാൽ അവർക്കു വിദൂര വിദ്യാഭ്യാസ കോഴ്സ് തുടങ്ങാൻ സാധിക്കുന്നില്ല. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം തുടങ്ങിയില്ലെങ്കിൽ പ്രൈവറ്റായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിഷമത്തിലാകും.

സ്വകാര്യ പഠനത്തിനു മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളെ ആശ്രയിക്കുക മാത്രമായിരിക്കും ഇവരുടെ മുന്നിലുള്ള വഴി. ഇതു വിദ്യാർഥികൾക്കു പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വെറുമൊരു ഉത്തരവ്’ ഇറക്കി തടിതപ്പിയത്. ഈ പ്രശ്നം നിയമസഭയിൽ വരുന്നതിനു തലേന്നു രാത്രിതന്നെ തിരക്കിട്ട് ഉത്തരവ് ഇറക്കിയത് യാദൃച്ഛികമായി കാണാനാവില്ല.

ഓപ്പൺ യൂണിവേഴ്സിറ്റി നിയമത്തിലെ വിഷമതകൾ നീക്കാനുള്ള വ്യവസ്ഥ പ്രകാരമാണ് മറ്റു സർവകലാശാലകൾക്ക് തുടർന്നും പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ താൽക്കാലിക അനുമതി നൽകിയതെന്നാണു സർക്കാർ വാദം. ഇതു നിലനിൽക്കില്ലെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമസഭ പാസാക്കുന്ന ഏതെങ്കിലും നിയമം നടപ്പാക്കുന്ന ഘട്ടത്തിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ അതു നീക്കുന്നതിന് ഉത്തരവ് ഇറക്കാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണിത്. അതിന്റെ പേരിൽ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഉത്തരവ് ഇറക്കാൻ സർക്കാരിനു സാധിക്കില്ല.

മറ്റു സർവകലാശാലകൾ സമാന്തര കോഴ്സുകൾ നടത്തുന്നത് ഓപ്പൺ സർവകലാശാലാ നിയമത്തിലൂടെ വിലക്കിയിരിക്കുകയാണ്. ഈ വ്യവസ്ഥയ്ക്ക് എതിരായി കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ സമാന്തരപഠനം നടത്താനാണ് സർക്കാർ ഉത്തരവിലൂടെ അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൈവറ്റ് പഠനം ആരംഭിച്ചാലും നിയമപ്രാബല്യം ഇല്ലാത്തതു വിദ്യാർഥികളെ ത്രിശങ്കുവിലാക്കും. വിഷയത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനും നിയമപ്രശ്നം പരിഹരിക്കുന്നതിനുമാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കോടതിയെ സമീപിക്കുന്നത്.

Related posts

ഇന്ധന സർചാർജ്: പൊതു തെളിവെടുപ്പ് 12ന്

Aswathi Kottiyoor

മുഴുവൻ കോർപ്പറേഷനുകളിലും മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കും: മന്ത്രി

ട്രെയിനുകളിൽ അധിക ലഗേജിന്‌ അധികതുക ഈടാക്കും

Aswathi Kottiyoor
WordPress Image Lightbox