ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നതിനിടെ, ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണു ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ടാണ്.