22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മദ്യ ഉപഭോക്താക്കളുടെ മനസ്സിലെന്ത്? ആശയങ്ങൾ തേടി ബവ്കോ സർവേ.
Kerala

മദ്യ ഉപഭോക്താക്കളുടെ മനസ്സിലെന്ത്? ആശയങ്ങൾ തേടി ബവ്കോ സർവേ.

ബവ്കോ ഔട്ട്‌ലെറ്റുകളിലെ വൻതിരക്കു കുറയ്ക്കാനും വൃത്തിയുളള അന്തരീക്ഷത്തിൽ വിൽപനയും വാങ്ങലും ഉറപ്പാക്കാൻ സ്വീകരിക്കേണ്ട ആശയങ്ങളും തേടി ഔട്ട്‌ലെറ്റുകളിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക സർവേ.

സംസ്ഥാനത്തെ മുഴുവൻ വിൽപനശാലകളിലും രണ്ടുദിവസമായി നടക്കുന്ന സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രായോഗിക നടപടി സ്വീകരിക്കാനും അക്കാര്യം ഹൈക്കോടതിയെ അടുത്തയാഴ്ച അറിയിക്കാനുമാണ് വകുപ്പ് തീരുമാനം. വർഷങ്ങൾക്കുമുൻപ് ആരംഭിച്ച നിലവിലെ വിൽപന സംവിധാനം പുതിയ സാഹചര്യങ്ങൾക്കു തീരെ യോജിക്കുന്നില്ലെന്നാണു പൊതു അഭിപ്രായം.ഉദ്യോഗസ്ഥരും ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. വകുപ്പിനുളളിലും വിഷയത്തിൽ ചർച്ച നടക്കുന്നതായാണ് വിവരം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലെ ഔട്ട്‌ലെറ്റുകൾ പരിസരത്തുളള വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഔട്ട്‌ലെറ്റുകൾ അനുവദിക്കുന്നതിലെ ദൂരപരിധി കുറയ്ക്കണമെന്ന അഭിപ്രായവും ഉയർന്നുകഴിഞ്ഞു.

കൈവശം വയ്ക്കാവുന്ന വിദേശമദ്യത്തിന്റെ അളവ് വർധിപ്പിക്കുക, ഔട്ട്‌ലെറ്റുകളു‍ടെ പ്രവർത്തന സമയം വർധിപ്പിക്കുക. ഉപഭോക്താക്കൾക്ക് മദ്യംവാങ്ങാനുളള പെർമിറ്റ് നൽകൽ തുടങ്ങിയ നിർദേശങ്ങളും ഉയർന്നു. റോഡുകളിലേക്കു നീളുന്ന ക്യൂവും തിരക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താറുമാറാക്കുന്നത് പരിഗണിച്ചാണ് ഉപഭോക്താവിന്റെ മാന്യത നിലനിർത്തുന്ന വിൽപ്പനകേന്ദ്രങ്ങളും വിതരണവും വേണമെന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

വിഷയത്തിൽ കോടതിയലക്ഷ്യ ഹർജിയും പരിഗണനയിലാണ്. ഇതിനിടയിലാണു ബവ്റിജസ് കോർപറേഷൻ ഓഡിറ്റ് വിഭാഗം, എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, അസിസ്റ്റന്റ് കമ്മിഷണർ, വിമുക്തി പദ്ധതി മാനേജർമാർ, കൺസ്യൂമർഫെഡ് പ്രതിനിധി, എക്സൈസ് സിഐ എന്നിവരുൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലെയും ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു കണക്കെടുക്കലും പ്രവർത്തന വിലയിരുത്തലും നടത്തുന്നത്.

ഷോപ്പുകൾ അനുവദിക്കാൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു നിയമപരമായ 200 മീറ്റർ അകലം 100 മീറ്റർ ആയിക്കുറച്ചാലുണ്ടാകുന്ന സാഹചര്യവും സർവേയിൽ പരിശോധിക്കുന്നു. ജില്ലാതല സർവേയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘത്തിനും നിർദേശങ്ങൾ അറിയിക്കാനുളള അവസരമുണ്ട്.

ഷോപ്പുകളിലെ പ്രതിദിന ശരാശരി വിൽപന, അവിടെ എത്തുന്നവരുടെ എണ്ണം, ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പഴക്കം, കൗണ്ടറുകളുടെ എണ്ണം, വരുമാനം, പരാതിപുസ്തകം സൂക്ഷിക്കുന്നുണ്ടോ, അകലം, മാസ്ക് എന്നിവയുൾപ്പെടെ കോവിഡ് പ്രതിരോധചട്ടം പാലിക്കപ്പെടുന്നുണ്ടോ, ക്യൂ മറ്റുസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസ്സമാകുന്ന സ്ഥിതി, ചെലവാകുന്ന മദ്യത്തിന്റെ അളവ്, ശുചിമുറി സൗകര്യം തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സർവേ.

ബവ്കോയ്ക്ക് 303 ഔട്ട്‌ലെറ്റുകളും 606 ബാറുകൾ, 210 ബിയർപാർലറുകൾ, കൺസ്യൂമർഫെഡിന്റെ 26 വിൽപനശാലകളുമാണ് വിദേശമദ്യകച്ചവടത്തിനായി സംസ്ഥാനത്തുളളത്. ഈ ഔട്ട്‌ലെറ്റുകളിൽ നിന്നായി വർഷം 15,000 കോടി രൂപയാണു സംസ്ഥാന സർക്കാരിന്റെ ശരാശരി വരുമാനം.

അതേസമയം തമിഴ്‌നാട്ടിൽ വിദേശമദ്യവിൽപന ഏജൻസിയായ ടാസ്ക് മാസ്കിന്റെ കീഴിൽ 5,600 ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. മൊത്തം വാർഷികവരുമാനം ഏതാണ്ട് 55,000 കോടി രൂപ വരും. കർണാടകത്തിലും ഔട്ട്‌ലെറ്റുകളുടെ എണ്ണവും വരുമാനവും കൂടുതലാണ്. സാധാരണ സമയങ്ങളിൽ രണ്ടു സംസ്ഥാനങ്ങളിലും നീണ്ട ക്യൂവും തിരക്കും അനുഭവപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ ഔട്ട്‌ലെറ്റുകളിൽ പലതും മുകൾനിലയിൽ പ്രവർത്തിക്കുന്നതു ഉപഭോക്താവിന് ക്യൂനിൽക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദ്യാലയം, ആരാധനാലയങ്ങൾ, തുടങ്ങിയവയിൽ നിന്നു നിയമനുസരിച്ച് 200 മീറ്റർ ദൂരം പാലിക്കുന്നുവെന്നത് ഉറപ്പാക്കാനാണ് മിക്കതും കെട്ടിടത്തിന്റെ മുകൾ നിലയിലാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.

തമിഴ്‌നാട്ടിലെയും കർണാടകയിലെയും പോലെ ഔട്ട്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതു തിരക്ക് ഒഴിവാക്കാനും ആരോഗ്യപരമായ സാഹചര്യം ഉണ്ടാക്കാനും സഹായിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ അഭിപ്രായമെങ്കിലും അതു എതിർപ്പിനിടയാക്കുമോ എന്ന രാഷ്ട്രീയ ആശങ്കയാണ് ഭരണ നേതൃത്വത്തിനുളളത്. അതെന്തായാലും ഹൈക്കോടതിയുടെ തീർപ്പിന് വിധേയമായി താമസിയാതെ മേഖലയിൽ മാറ്റം നടപ്പാകുമെന്നാണ് സൂചന.

Related posts

പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണം; പൊതുസ്ഥലത്തെ കിണറിന് ഭിത്തി വേണം

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന് (മേയ് 07)

സിൽവർലൈൻ ഉയർത്തിക്കാട്ടി കേരള ഘടകം; പുതിയ പദ്ധതികൾ വേണമെന്ന് പി.രാജീവ്.

Aswathi Kottiyoor
WordPress Image Lightbox