ആരോഗ്യ മേഖലയില്‍ രാജ്യത്ത് അസമത്വം വലിയതോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അഭാവം പാര്‍ശ്വവത്കരിക്കപ്പെട്ടവരെ തീര്‍ത്തും ദുരിതത്തിലാക്കുന്നതായി ഓക്‌സ്ഫാം ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2021-ലെ അസമത്വ റിപ്പോര്‍ട്ടില്‍ (ഇന്ത്യയുടെ അസമമായ ആരോഗ്യ സംരക്ഷണത്തിന്റെ കഥ) പറയുന്നു.
സാമ്പത്തിക, സാമൂഹ്യ പരിഗണനകള്‍ക്ക് പുറമേ വിവിധ സമൂഹങ്ങള്‍ തമ്മിലും നഗര, ഗ്രാമ പ്രദേശങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയിലും ആരോഗ്യഅസമത്വം കൂടുന്നുണ്ട്. കോവിഡ് -19 മഹാമാരി ആരംഭിച്ചതിന് ശേഷം ഇത് പ്രകടമായി. ശക്തമായ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തി സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പാക്കിയാല്‍ മാത്രമേ അസമത്വം കുറച്ചുകൊണ്ടുവരാന്‍ കഴിയൂ. പാവപ്പെട്ടവര്‍ക്ക് ആരോഗ്യസംരക്ഷണത്തിനുള്ള ചെലവിന്റെ വലിയൊരു ഭാഗവും സ്വയംവഹിക്കേണ്ടിവരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തന്നെ അമിതമായ ചികിത്സാച്ചെലവ് മൂലം ഓരോ വര്‍ഷവും ആറ് കോടി ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു.
40 ശതമാനത്തിനും മെച്ചപ്പെട്ട ശുചിത്വസൗകര്യമില്ല
പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളെ അപേക്ഷിച്ച് പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ചികിത്സാസൗകര്യം ലഭിക്കുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കും ഗ്രാമീണരേക്കാള്‍ നഗരവാസികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ട്. പൊതുവിഭാഗത്തില്‍പ്പെട്ട 65.7 ശതമാനം കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ടതും പങ്കുവയ്ക്കാത്തതുമായ ശുചിത്വ സൗകര്യങ്ങളുണ്ട്. എന്നാല്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഇത് 25.9 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രം. പട്ടികജാതി കുടുംബങ്ങളിലെ കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ് പൊതുവിഭാഗത്തേക്കാള്‍ 12.6 ശതമാനം കൂടുതലാണ്.
ലിംഗം, ജാതി, വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറെ വ്യതിയാനമുണ്ട്. സമ്പന്നര്‍ ശരാശരി ദരിദ്രരെക്കാള്‍ ഏഴര വര്‍ഷം കൂടുതല്‍ ജീവിക്കുന്നു.
പൊതുവിഭാഗത്തിലെ സ്ത്രീ ഒരു ദളിത് സ്ത്രീയെക്കാള്‍ ശരാശരി 15 വര്‍ഷം കൂടുതല്‍ ജീവിക്കുന്നു. ശിശുമരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ദളിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതലാണ്. ആദിവാസി കുടുംബങ്ങളിലെ ശിശുമരണനിരക്ക് പൊതു വിഭാഗത്തേക്കാള്‍ 40 ശതമാനവും ദേശീയ ശരാശരിയേക്കാള്‍ 10 ശതമാനവും ഉയര്‍ന്നുനില്‍ക്കുന്നു.
കോവിഡ് തുറന്നത് പൊതു ആരോഗ്യമേഖലയുടെ കാര്യക്ഷമതയില്ലായ്മ
കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയുടെ പൊതുആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ തുറന്നുകാട്ടി. 2017 ലെ ദേശീയ ആരോഗ്യ രൂപരേഖ (എന്‍എച്ച്പി) പ്രകാരം 10,189 പേര്‍ക്ക് ഒരു സര്‍ക്കാര്‍ ഡോക്ടറും 90,343 പേര്‍ക്ക് ഒരു സര്‍ക്കാര്‍ ആശുപത്രിയും മാത്രമേയുള്ളൂ. അവികസിത രാജ്യങ്ങളായ ബംഗ്ലാദേശ്, കെനിയ, ചിലി എന്നിവയേക്കാള്‍ പിന്നിലാണ് ആശുപത്രി കിടക്കകളുടെ കാര്യത്തില്‍ ഇന്ത്യ.
കഴിഞ്ഞ ദശകത്തില്‍ പൊതുജനാരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പണം നീക്കിവെക്കുന്നതില്‍ പിന്നോക്കം പോയതാണ് കോവിഡ് കാലത്ത് സ്ഥിതി വഷളാക്കിയത്. 2010 നും 2020 നും ഇടയില്‍ 10,000 പേര്‍ക്ക് ആശുപത്രി കിടക്കകളുടെ എണ്ണം ഒമ്പതില്‍ നിന്ന് അഞ്ചായി കുറഞ്ഞു. നിലവില്‍ കിടക്ക ലഭ്യതയില്‍ 167 രാജ്യങ്ങളില്‍ 155-ാം സ്ഥാനത്താണ് ഇന്ത്യ. ജനസംഖ്യയില്‍ 10,000 പേര്‍ക്ക് അഞ്ച് കിടക്കകളും 8.6 ഡോക്ടര്‍മാരും മാത്രം. ജനസംഖ്യയുടെ 70 ശതമാനം വരുന്ന ഗ്രാമീണ മേഖലയില്‍ 40 ശതമാനം കിടക്കകളേയുള്ളൂ.
കോവിഡ് രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ഇത് ഗുരുതരസ്ഥിതി സൃഷ്ടിച്ചു. 2021 മെയ് ആയപ്പോഴേക്കും രാജ്യത്തെ ഓരോ രണ്ട് രോഗികളില്‍ ഒന്ന് ഗ്രാമങ്ങളിലായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 75 ശതമാനം രോഗികളും ഗ്രാമങ്ങളിലായിരുന്നു.
ബജറ്റ് വിഹിതം കുറച്ചു
ഒരു വര്‍ഷത്തിനിടെ രണ്ട് കോവിഡ് തരംഗങ്ങളെ അഭിമുഖീകരിച്ചിട്ടും ആരോഗ്യമേഖലയ്ക്ക് മതിയായ തുക കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചില്ല. ആരോഗ്യ ചെലവുകളില്‍ ഇന്ത്യ ലോകത്ത് 154-ാം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍ ജിഡിപിയുടെ 2.5 ശതമാനവും ശ്രീലങ്ക 1.6 ശതമാനവും നീക്കിവെക്കുമ്പോള്‍ ഇന്ത്യയില്‍ 1.25 ശതമാനം മാത്രം. കോവിഡ് രൂക്ഷമായിരിക്കെ അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുള്ള വിഹിതം കുറയ്ക്കുകയായിരുന്നു.
2020-21 ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ 85,250 കോടി രൂപ അനുവദിച്ചപ്പോള്‍ 21-22 ബജറ്റില്‍ 76,901 കോടി രൂപയായി കുറഞ്ഞു.
ബ്രിക്സ് രാജ്യങ്ങള്‍ ആരോഗ്യമേഖല്ക്ക് നീക്കി വെക്കുന്ന തുക (ജിഡിപി അടിസ്ഥാനമാക്കി)
ബ്രസീല്‍ -9.2 ശതമാനം
ദക്ഷിണാഫ്രിക്ക-8.1
റഷ്യ-5.3
ചൈന-5
ഇന്ത്യ-1.25
ഇന്‍ഷൂറസ് അപര്യാപ്തം; മരുന്നുമില്ല
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പരിമിതമായ വ്യാപ്തിയും കവറേജും കാരണം സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനാകില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനസംഖ്യയുടെ 40 ശതമാനത്തിന് മാത്രമേ ആയൂഷ്മാന്‍ ഭാരതിലൂടെ കിടത്തി ചികിത്സക്കയ്ക്ക് സഹായം ലഭിക്കുന്നുള്ളൂ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പൊതു ആരോഗ്യ സംവിധാനത്തിലൂടെയുള്ള സൗജന്യമരുന്നു വിതരണം നാലിലൊന്നായി കുറച്ചു. 2000 ന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക് 31.2 ശതമാനവും മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ഇപ്പോളിത് 8.9 ശതമാനമായി കുറഞ്ഞു. ഒപി വിഭാഗത്തിലാണെങ്കില്‍ 17.8 ല്‍ നിന്നും 5.9 ശതമാനമായി കുറച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.