സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം വിവാഹശേഷം ഒരു മാസത്തിനുള്ളിൽ സർക്കാർ ഉദ്യോഗസ്ഥരിൽനിന്നു സ്ഥാപനമേധാവികൾ വാങ്ങി സൂക്ഷിക്കണമെന്ന് മുഖ്യ സ്ത്രീധന നിരോധന ഓഫിസർ കൂടിയായ വനിതാ – ശിശു വികസന വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. ജീവിതപങ്കാളി, ഇരുവരുടെയും മാതാവ്/പിതാവ് എന്നിവരുടെ ഒപ്പു സഹിതമാണ് ഉദ്യോഗസ്ഥർ സാക്ഷ്യപത്രം നൽകേണ്ടതെന്നും ഉത്തരവിലുണ്ട്.
സ്ഥാപനമേധാവികൾ 6 മാസത്തിലൊരിക്കൽ ജില്ലാ സ്ത്രീധന നിരോധന ഓഫിസർക്കു റിപ്പോർട്ട് നൽകണം. ജില്ലാ ഓഫിസർ റിപ്പോർട്ടുകൾ ക്രോഡീകരിച്ചു മുഖ്യ ഓഫിസർക്ക് അയയ്ക്കണം. ഏതെങ്കിലും വകുപ്പിൽനിന്നു റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
നവംബർ 26 സ്ത്രീധന നിരോധന അവബോധന ദിനമായി ആചരിക്കണമെന്നും ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.