കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെയാണ് കൂടുതലായി ബാധിക്കുകയെന്ന വാദം ആരോഗ്യമന്ത്രാലയം തള്ളി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നടത്തിയ സെറോ സർവേയിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണിത്.
രണ്ടു തരംഗത്തിലും കുട്ടികളെ വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്ന സൂചനയാണ് സെറോ സർവേയിലുള്ളത്. സർവേയുടെ ഭാഗമായ കുട്ടികളിൽ പകുതിയിലധികം പേരിലും വൈറസിനെതിരെ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവരാരും വാക്സീനെടുത്തതുമില്ല. വൈറസ് പിടിപെടുന്നുണ്ടെങ്കിലും കുട്ടികളിൽ രോഗം ഗുരുതരമാകില്ലെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് അഭിപ്രായപ്പെട്ടത്.
ഇതിനിടെ, അടുത്ത കോവിഡ് തരംഗങ്ങൾ കുട്ടികളെ ബാധിക്കുമെന്നും തീവ്രത കടുക്കുമെന്നുമുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നു ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ കുമാറിനെ ഉദ്ധരിച്ച് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളിലെ കോവിഡ് മരണനിരക്ക് കുറവാണ്. ഗർഭിണികളും മുലയൂട്ടുന്നവരും വാക്സീനെടുക്കുന്നതു ഗർഭസ്ഥ, നവജാത ശിശുക്കളെ കോവിഡിൽ നിന്നു സംരക്ഷിക്കും.– അദ്ദേഹം പറഞ്ഞു.
കോവിഡിനാൽ ലോകത്താകെ 15 ലക്ഷം കുട്ടികൾക്ക് ആശ്രയം നഷ്ടമായെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. 10 ലക്ഷത്തോളം കുട്ടികൾക്ക് അച്ഛനമ്മമാരിൽ ഒരാളെയോ രണ്ടു പേരെയുമോ നഷ്ടമായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.