കോവിഡിൽ സ്‌കൂളിൽ പോകാതെ കഴിയുന്ന കുട്ടികൾ വീട്ടിനുള്ളിൽ മാനസിക പീഡനങ്ങൾ കൂടുതലായി അനുഭവിക്കുന്നതായി റിപ്പോർട്ട്. ചൈൽഡ് ലൈനിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ലഭിക്കുന്ന പരാതികളാണ് (ഇമോഷണൽ അബ്യൂസ്) കുട്ടികളുടെ മാനസിക സമ്മർദം വ്യക്തമാക്കുന്നത്. കോവിഡിലുണ്ടായ സാമ്പത്തിക പ്രതിസന്ധി, മദ്യലഭ്യതക്കുറവ്, ഓൺലൈൻ പഠനം തുടങ്ങിയവ മൂലം കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ സമ്മർദങ്ങൾക്ക് നിരവധി കുട്ടികളാണ് ഇരയാകുന്നത്.
ഇമോഷണൽ അബ്യൂസ് വിഭാഗത്തിൽ ലഭിക്കുന്ന പരാതികളിൽ ഈ കാലയളവിൽ 15 ശതമാനം വർധനയുണ്ടായി. സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രിൽ മുതൽ ഒരുവർഷക്കാലം 2200 ഓളം പരാതികളാണ് ചൈൽഡ് ലൈനിലെത്തിയത്. മുൻ വർഷത്തിൽ 1800നടുത്തായിരുന്നു. ചീത്ത പറയൽ, മാനസികമായി ഒറ്റപ്പെടുത്തൽ, സമ്മർദത്തിലാക്കൽ എന്നിവയിൽ നിന്ന് തുടങ്ങി ശാരീരിക അതിക്രമത്തിലേക്ക് നീങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നതായി ചൈൽഡ് ലൈൻ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസർ മനോജ് ജോസഫ് പറയുന്നു. 200 ഓളം ശാരീരിക പീഡനം (ഫിസിക്കൽ അബ്യൂസ്) പരാതികളും ഇത്തവണ വർധിച്ചു.
സ്‌കൂൾ ഇല്ലാത്തതിനാൽ പരാതികൾ പുറത്തെത്തുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കൂടുതലും മാനസിക–-ശാരീരിക പീഡന പരാതികളാണെന്ന് മലപ്പുറം കോ–-ഓർഡിനേറ്റർ അൻവർ കാരക്കാടൻ പറയുന്നു. പരാതി കൂടുതലുണ്ടാകുന്ന ജില്ലകളില്ലൊന്നായ തിരുവനന്തപുരത്ത് ഏപ്രിൽ വരെ 300 നടുത്ത് കേസുണ്ടായി. മൂന്ന് മാസത്തിനുള്ളിൽ മാത്രം 70 പരാതികൾ. മലപ്പുറത്ത് 118 മാനസിക പീഡനവും 81 ശാരീരിക പീഡന പരാതികളും. കോഴിക്കോട് യഥാക്രമം 93 ഉം 91 ഉം ആണ്.
വരുമാനമില്ലാതാകുമ്പോൾ രക്ഷിതാക്കൾക്കിടയിലുണ്ടാകുന്ന നിരാശയും പ്രശ്‌നങ്ങളും കുട്ടികളോടുള്ള പെരുമാറ്റത്തെ ബാധിക്കുന്നു. മദ്യം ലഭിക്കാതാവുമ്പോഴുള്ള മാനസിക–-ശാരീരിക പ്രശ്‌നങ്ങളാൽ മർദിക്കുകവരെ ചെയ്യുന്നവരുണ്ട്. സുഹൃത്തുക്കളോടോ അധ്യാപകരോടോ മറ്റോ പ്രശ്‌നം പങ്കുവയ്‌ക്കാൻ സാധിക്കാത്തതും ഇരട്ടി സമ്മർദത്തിലാക്കുന്നു.