കണ്ണൂർ: ബലിപ്പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പയ്യാമ്പലം പാർക്കിലെത്തിയവരെ പോലീസ് മടക്കി അയച്ചു.
കോവിഡ് നിയന്ത്രണങ്ങളിൽ ബലിപ്പെരുന്നാൾ ദിവസം സർക്കാർ അയവ് വരുത്തിയിരുന്നുവെങ്കിലും പയ്യാമ്പലത്ത് ആൾക്കൂട്ടം തടയാൻ പോലീസ് ജാഗരൂകരായിരുന്നു. പാർക്കിലെ എല്ലാ പ്രവേശന കവാടങ്ങളും കയർ കെട്ടി അടച്ചു.
പയ്യാമ്പലം പാലം വഴി പാർക്കിലേക്ക് വരുന്നവരെ തടയാൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു അഴീക്കൽ തീരദേശ പോലീസാണ് ഈ ഭാഗത്ത് സന്ദർശകരെ തടയാനായി കാവൽ നിന്നത്. ആഘോഷത്തിന്റെ ഭാഗമായി ഇവിടെ കാറിലും മറ്റു വാഹനങ്ങളിലുമെത്തിയവരെ പോലീസ് മടക്കി അയച്ചു.
ഇന്നലെ രാവിലെ മുതൽ പയ്യാമ്പലത്തേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. തുടർന്ന് പോലീസ് നടപടി ശക്തമാക്കിയതോടെയാണ് പലരും പിന്തിരിഞ്ഞത്. ഇവിടേക്ക് കൂട്ടമായെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് ബലം പ്രയോഗിച്ച് മടക്കി അയച്ചു. പയ്യാമ്പലം ബീച്ചിൽ സ്ത്രീകളും കുട്ടികളുമായെത്തിയവരെ തിരിച്ചയയ്ക്കാൻ പിങ്ക് പോലിസും കാവൽ നിന്നിരുന്നു. സാധാരണയായി ആഘോഷ ദിനങ്ങളിൽ പയ്യാമ്പലം ബീച്ചിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. രണ്ടു മാസം മുന്‍പുണ്ടായ ചുഴലിക്കാറ്റിൽ ബീച്ചിന്റെ വലിയൊരു ഭാഗം കടലെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ബീച്ച് അപകടാവസ്ഥയിലാണെന്നും വിനോദ സഞ്ചാരികൾ അവിടേക്ക് വരാതെ ജാഗ്രത പാലിക്കണമെന്നും ലൈഫ് ഗാർഡ് മേധാവി ചാൾസൺ ഏഴിമല പറഞ്ഞു.