ഇരിട്ടി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ തില്ലങ്കേരിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് . റെയ്‌ഡ് ഒന്നരമണിക്കൂറോളം നീണ്ടു . എന്നാൽ പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ല. അടുത്ത തിങ്കളാഴ്ച കസ്റ്റംസ് കൊച്ചി ഓഫിസിൽ ഹാജരാവാൻ ആകാശിന് നോട്ടീസ് നൽകി.
ബുധനാഴ്ച്ച പുലർച്ചെ മൂന്നു മണി മുതൽ ആകാശിന്റെ വീടും പരിസരവും കസ്റ്റംസ് നിരീക്ഷണത്തിലായിരുന്നു. രാവിലെ 7.45 മുതൽ ആരംഭിച്ച റെയ്ഡ് 9.30വരെ നീണ്ടു. ആകാശ് വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പരിശോധന. എന്നാൽ ആകാശ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആകാശിനെ നിരീക്ഷിച്ചുവരികയായിരുന്നു കസ്റ്റംസ്. സ്വർണകള്ളകടത്ത് ക്വട്ടേഷൻ സംഘവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ആകാശ് എന്ന് തെളിഞ്ഞതിനുശേഷമായിരുന്നു കസ്റ്റംസിന്റെ നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അർജുൻ ആയങ്കിയും അജ്മലും ഉൾപ്പെടെ സ്വർണകടത്ത് ക്വട്ടേഷൻ സംഘങ്ങളുടെ തലവനായി പ്രവർത്തിക്കുന്നത് ആകാശ് ആണെന്നാണ് കസ്റ്റംസിന് ലഭിച്ച മൊഴികൾ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റെയിഡിൽകാര്യമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കസ്റ്റംസ് അറിയിച്ചു. 19ന് കൊച്ചി കസ്റ്റംസ് ഓഫിസിൽ ഹാജരാകൻ ആവശ്യപ്പെട്ട് ആകാശിന്റെ പിതാവിന്റെ പക്കൽ നോട്ടീസുംനൽകി. കസ്റ്റംസ് കൊച്ചി യൂണിറ്റിന്റെ നിർദേശപ്രകാരം കണ്ണൂർ അസി. കമ്മിഷണർ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് എത്തിയത്.
ആകാശിന്റെ വീടും പരിസരവും കനത്ത സുരക്ഷയൊരുക്കിയിരുന്നു. പുറമെ നിന്നുള്ള ആരേയും വീട്ടിനടുത്തേക്ക് കടത്തി വിട്ടില്ല. വീട് പുതുക്കി പണിയുന്നതിനായി പൊതി പൊളിച്ചിട്ട നിലയിലാണ്. ആകാശ് കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ നാട്ടിൽ എത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ വീട്ടിൽ നിന്നും രക്ഷാപ്പെടാതിരിക്കാനാണ് രാവിലെ തന്നെ സംഘം എത്തിയത്. സ്വർണ്ണ കടത്ത് സംഘങ്ങളുമായുള്ള അടുത്ത ബന്ധത്തിലൂടെ ആകാശ് അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന വിവരത്തിന്റെയും അടിസ്ഥനത്തിലാണ് പരിശോധന നടന്നത് . നേരിട്ട് ചോദ്യം ചെയ്യുന്നതിലൂടെ ആകാശിന്റെ ഇപ്പോഴത്തെ താമസ സ്ഥലത്തെപ്പറ്റിയും സ്വർണ്ണ കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെപ്പറ്റിയും കൂടുതൽ വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.