ലോക്ഡൗൺ കാലത്ത് കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തത് 2020ൽ ആണ്. 550 കേസുകളാണ് വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത സൈബർ കുറ്റങ്ങൾ.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി വലിയ മാറ്റമില്ലാതെ തുടർന്നിരുന്ന കണക്കുകൾ 2020ൽ കുത്തനെ ഉയർന്നതായി പോലീസിന്റെ തന്നെ കണക്കുകളിൽ വ്യക്തമാകുന്നു. 2016ൽ 283 സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 2020 വരെ ഒരോ വർഷവും 50-ന് മുകളിൽ മാത്രമാണ് വർധനവ് രേഖപ്പെടുത്തിയത്. എന്നാൽ 2020ലെ കണക്കുകൾ ആശങ്ക വർധിപ്പിക്കുന്നതാണ്.മുഖ്യമായി സാമ്പത്തിക തട്ടിപ്പുകളും നഗ്നചിത്രങ്ങളും മറ്റും ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനൊപ്പം മറ്റൊരാളെന്ന വ്യാജേനെ സോഷ്യൽ മീഡിയ വഴി നടത്തുന്ന തട്ടിപ്പുകളും ഉൾപ്പെടും.കഴിഞ്ഞ ഒരുവർഷം ജനങ്ങൾ കൂടുതൽ നേരം ഇന്റർനെറ്റ് ഉപയോഗിച്ചതും തട്ടിപ്പിന് കാരണമായി കണക്കാക്കുന്നു. മെബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിച്ച് പരിചയമില്ലാത്ത പ്രായമായവർ മുതൽ കൊച്ചുകുട്ടികളിൽ വരെ ഇക്കാലയളവിൽ സ്മാർട്ട് ഫോൺ ഉപയോഗം വർധിച്ചു. ഓൺലൈൻ ക്ലാസിന്റെ മറവിലും ഗെയിമുകളുടെ രൂപത്തിലും സോഷ്യൽമീഡിയകൾ വഴിയും നിരവധി തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറി. ഈയൊരു സാഹചര്യത്തിലാണ് കേസുകൾ ഉയർന്നതെന്ന് കരുതപ്പെടുന്നു.ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യം കഴിഞ്ഞ ഒരുവർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളുടെ പകുതിയോളം ഈ വർഷം മെയ് വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നതാണ്. പുറത്തുവന്നതിനേക്കാൾ അധികമാകും അറിയപ്പെടാതെ പോയതോ അറിഞ്ഞിട്ടും അപമാനഭയത്താൽ പുറത്തറിയിക്കാതിരിക്കുന്നതോ ആയ കുറ്റകൃത്യങ്ങൾ.
കഴിഞ്ഞ വർഷം 550 സൈബർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 2021 മെയ് വരെയുള്ള കണക്കുകൾ പ്രകാരം 273 കേസുകൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്യപ്പെട്ടു. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെടാതിരിക്കാൻ പരമാവധി ജാഗ്രത പാലിക്കുകയും തട്ടിപ്പുകളേപ്പറ്റിയും അത് സംഭവിക്കാനിടയുള്ള സാഹചര്യങ്ങളെപ്പറ്റിയും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സൈബർ വിദഗ്ധരും പോലീസും വ്യക്തമാക്കുന്നു.