ഭിന്നശേഷിയുള്ളവർ കോടതികളിൽ സമർപ്പിക്കുന്ന തെളിവുകൾ പൂർണമായും സാധുതയുള്ളതാണെന്നും അതിൽ വിവേചനം പാടില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സാധാരണ വ്യക്തി സമർപ്പിക്കുന്ന തെളിവുകൾപ്പോലെ തന്നെയാണ് ഭിന്നശേഷിക്കാർ ഹാജരാക്കുന്നതും. രണ്ടിനും ഒരേ മൂല്യമാണുള്ളതെന്നും വിവേചനം കാണിച്ചാൽ അതു തുല്യതയെന്ന ഒരു വ്യക്തിയുടെ അവകാശത്തിനെതിരാകുമെന്നും കോടതി പറഞ്ഞു.
അന്ധയായ യുവതിയെ പീഡിപ്പിച്ച കേസിൽ വിധിച്ച 7 വർഷത്തെ തടവിനെതിരെ ഓട്ടോ ഡ്രൈവർ സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണു പരാമർശം. പരാതിക്കാരി അന്ധയായതിനാൽ കുറ്റം ചെയ്ത ആളെ കണ്ടിട്ടില്ലെന്നും അതിനാൽ അവർ നൽകിയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദമാണു കോടതി തള്ളിയത്. അവർ അന്ധയാണെങ്കിലും അവരുടെ പരാതിയും തെളിവുകളും തെളിച്ചമുള്ളതാണെന്നും അതിൽ തെളിവുകൾ കോടതിക്കു സ്വീകരിക്കാമെന്നും ജസ്റ്റിസ് ആർ.എം. ടി.ടീക്ക രാമൻ പറഞ്ഞു.