കേരളത്തിന്റെ വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ഡൽഹിക്കു പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരടക്കമുള്ള കേന്ദ്രമന്ത്രിമാരെ അദ്ദേഹം കാണും. കേരളത്തിൽ വ്യവസായ പദ്ധതികൾ തുടങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന പ്രചാരണം വ്യാപകമാകുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം.
ഇന്നു വൈകുന്നേരത്തോടെ ഡൽഹിക്കു പോകുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു വിവിധ കേന്ദ്രമന്ത്രിമാരെയും കാണും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പിണറായി വിജയൻ ആദ്യമായാണു പ്രധാനമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
വേഗറെയിൽ കോറിഡോറുമായി ബന്ധപ്പെട്ട വികസന പദ്ധതികളും ചർച്ച ചെയ്യും. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടികളാണ് ഇനി തുടങ്ങേണ്ടത്. വിവിധ കേന്ദ്രമന്ത്രിമാരെ കാണുന്നതിനുള്ള സമയക്രമം അടക്കമുള്ള കാര്യങ്ങളിൽ ഇന്നു മാത്രമാകും അന്തിമ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.