ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്രസീല്‍ അര്‍ജന്റീന കോപ്പ മത്സരത്തില്‍
കിരീടം സ്വന്തമാക്കി അര്‍ജന്റീന. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീടധാരണം.
അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ മണ്ണില്‍ തന്നെ കിരീടം നേടാനും ടീമിനായി.
കിക്കോഫ് മുതല്‍ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ഗോള്‍ ഫലം നിര്‍ണയിച്ചത്. 1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്‌ബോളിലെ ഇതിഹാസമായി വളര്‍ന്നപ്പോഴും സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു
ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല.22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.
നേരത്തെ, സെമിഫൈനലില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി അര്‍ജന്റീന ടീമിനെ ഫൈനലില്‍ വിന്യസിച്ചത്. ആ മാറ്റങ്ങളുടെ കൂട്ടത്തില്‍ എയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഇടംപിടിക്കുകയായിരുന്നു.