18 വയസിനു മുകളിൽ ഉള്ള 43 ശതമാനം ആളുകൾക്ക് ഇതിനകം ഒരു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. 12 ശതമാനം ആളുകൾക്കു രണ്ടാമത്തെ ഡോസ് വാക്സിനും നൽകി. ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ഇപ്പോൾ സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾക്ക് പുറമേ റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിനും ചില ആശുപത്രികൾ നൽകിവരുന്നു. അധികം വൈകാതെ ഇന്ത്യൻ അമേരിക്കൻ കന്പനികളുടെ മറ്റു വാക്സിനുകളും ലഭ്യമായി തുടങ്ങുമെന്നാണു പ്രതീക്ഷ.
18 വയസിന് മുകളിലുള്ള 70 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകിയാൽ മാത്രമേ ഹേർഡ് ഇമ്യൂണിറ്റി കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. വാക്സിനേഷൻ എടുക്കാതെ രോഗം വന്നു മാറിയവരുടെ കണക്ക് കുടി എടുത്താൽ 60 ശതമാനം പേരെങ്കിലും ഇപ്പോൾ ഹേർഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15 ശതമാനം പേർക്ക് കൂടി വാക്സിനേഷൻ എത്രയും പെട്ടെന്ന് തന്നെ നൽകാനാനുള്ള നടപടികൾ എടുക്കും. പ്രതിദിനം രണ്ടര മുതൽ മൂന്നു ലക്ഷം വരെ പേർക്കു വാക്സിൻ നൽകാനാണു സംസ്ഥാനം ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.