കോവിഡിന്റെ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ധരിക്കുകയും ആൾക്കൂട്ടം ഒഴിവാക്കുകയും ചെയ്യണമെന്ന് കേന്ദ്രസർക്കാർ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ വി.കെ പോൾ പറഞ്ഞു. യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രാലയം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാമത്തെ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴും അപകടരമായി തുടരുകയാണ്. രണ്ടാം തരംഗം പൂർണമായും ഇല്ലാതാക്കാൻ കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരേണ്ടത് ആവശ്യമാണെന്നും വി.കെ പോൾ പറഞ്ഞു.
വിനോദസഞ്ചാര മേഖലകളിലെ ആൾക്കൂട്ടം രോഗം പടരാൻ ഇടയാക്കുമെന്ന് ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. ഇത് നമ്മുടെ ശരീരത്തിലേക്ക് വൈറസിനുള്ള തുറന്ന ക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.