21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു.
Kerala

ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു.

ആയുര്‍വേദ ആചാര്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ പത്മഭൂഷണ്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ആയുര്‍വേദത്തെയും കോട്ടക്കല്‍ ആര്യവൈദ്യശാലയെയും ലോക നെറുകയിലേക്കുയര്‍ത്തിയ അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ജൂണ്‍ എട്ടിനാണ് ആഘോഷിച്ചത്.

നിഷ്ഠയും ലാളിത്യവും വിനയവും അടയാളപ്പെടുത്തിയ ജീവിതമായിരുന്നു പന്നിയമ്പള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന ഡോ. പി കെ വാരിയരുടേത്. പത്മശ്രീ (1999), പത്മഭൂഷണ്‍ (2010) പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ടിലേറെ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി പ്രവര്‍ത്തിച്ചു. വൈദ്യത്തിന്റെ മര്‍മ്മമറിഞ്ഞ മനുഷ്യസ്‌നേഹിയും ചികിത്സയെ ഒരിക്കലും കച്ചവടമായി കാണാത്ത ഭിഷഗ്വരനുമായിരുന്നു അദ്ദേഹം.

മലബാര്‍ സമരം കൊടുമ്പിരികൊണ്ട 1921ല്‍ കെ ടി ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചി വാരസ്യാരുടെയും ആറു മക്കളില്‍ ഇളയവനായാണ് ജനനം. വിദ്യാഭ്യാസകാലത്തേ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്തു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി. ഇഎംഎസിന്റെ നിര്‍ദേശമനുസരിച്ചാണ് 1940ല്‍ വൈദ്യപഠനത്തിന് കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ചേര്‍ന്നത്.

1942ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ ആകൃഷ്ടനായി പഠിപ്പ് വിട്ടു. പിന്നീട് രാഷ്ട്രീയമല്ല തട്ടകമെന്നറിഞ്ഞ് തിരിച്ചുവന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി അമ്മാവന്‍ പി എസ് വാരിയര്‍ സ്ഥാപിച്ച ആര്യവൈദ്യശാലയില്‍ 1945ല്‍ ട്രസ്റ്റ് ബോര്‍ഡംഗമായി. രണ്ടു വര്‍ഷത്തിനുശേഷം ഫാക്ടറി മാനേജരായി ഔദ്യോഗികച്ചുമതല. ജ്യേഷ്ഠന്‍ പി എം വാരിയരുടെ ആകസ്മിക വിയോഗശേഷം 1953ല്‍ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു.

കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം നല്‍കിയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ശീലങ്ങളും സമയക്രമവും തെറ്റാത്ത ജീവിതയാത്ര. ‘സ്മൃതിപര്‍വം’ എന്ന ആത്മകഥയും ‘പാദമുദ്രകള്‍’ ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു.

കവയത്രിയായിരുന്ന പത്‌നി മാധവിക്കുട്ടി വാരസ്യാര്‍ 1997ല്‍ അന്തരിച്ചു. മക്കള്‍: ഡോ. ബാലചന്ദ്രവാരിയര്‍, പരേതനായ വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍.

Related posts

കൊക്കൂൺ 2022 ന് വർണ്ണാഭമായ തുടക്കം

Aswathi Kottiyoor

മണിപ്പൂരിൽ മരണസംഖ്യ ഉയരുന്നു; ഔദ്യോഗിക കണക്കുകളിൽ 54- കടുത്ത നിയ​ന്ത്രണവുമായി സൈന്യം

പൊ​തു​മേ​ഖ​ല​യി​ലെ ശൂ​ന്യ​വേ​ത​നാ​വ​ധി ഇ​നി അ​ഞ്ചു വ​ർ​ഷം മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox