• Home
  • Kerala
  • ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഓഫർ വിൽപന നിർത്തിയേക്കും, ഇന്ത്യയിൽ കച്ചവടങ്ങൾക്ക് വൻ മാറ്റം വരും?.
Kerala

ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഓഫർ വിൽപന നിർത്തിയേക്കും, ഇന്ത്യയിൽ കച്ചവടങ്ങൾക്ക് വൻ മാറ്റം വരും?.

ഇന്ത്യ പുതിയ ഇകൊമേഴ്‌സ് നയവുമായി മുന്നോട്ടുപോകുകയാണെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. വിദേശ നിക്ഷേപകര്‍ക്കുള്ള (എഫ്ഡിഐ) നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, അത്തരം കമ്പനികള്‍ക്ക് വാതില്‍ തുറുന്നു കൊടുത്ത സമയത്തു തന്നെ വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, എന്നാല്‍ അവ പാലിക്കപ്പെടുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ താമസിയാതെ കൂടുതല്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെ പ്രാദേശിക വ്യാപാരികള്‍ കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. ഈ കമ്പനികള്‍ എഫ്ഡിഐ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇക്കാര്യം തന്നെയാണ് ഇപ്പോള്‍ സർക്കാരും പരിശോധിക്കുന്നത്. കേന്ദ്രം നേരത്തെ കരട് ഇകൊമേഴ്‌സ് നയം പുറത്തിറക്കിയിരുന്നെങ്കിലും വിദേശകമ്പനികളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു. ഇതിന് മാറ്റം വരുത്തി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സർക്കാർ. ഇതോടെ ഓണ്‍ലൈനിലെ വൻ ഓഫർ വിൽപനകൾക്ക് കടിഞ്ഞാണ്‍ വീണേക്കും.

ഇകൊമേഴ്‌സ് നയത്തിനൊപ്പം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടും താമസിയാതെ പ്രാബല്യത്തില്‍ വരും. ഉപയോക്താവിന് മെച്ചമുണ്ടാകുന്ന രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കുമെന്നാണ് മന്ത്രി പറയുന്നത്. മറ്റെന്തിനും ഉപരിയായി ഇതിന് പ്രാധാന്യം നല്‍കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഇകൊമേഴ്‌സ് നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍, തങ്ങള്‍ ഉപയോക്താവിനാണ് പ്രാധാന്യം നല്‍കാന്‍ പോകുന്നത് എന്നാണ് ഗോയല്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങള്‍ ജൂലൈ 6ന് മുൻപ് അറിയിക്കാനാണ് ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നയം പ്രകാരം ഫ്‌ളിപ്കാര്‍ട്ടും ആമസോണും വഴി വില്‍ക്കുന്ന സെല്ലര്‍മാരുടെ ഉല്‍പന്നങ്ങളെ നിയന്ത്രിക്കാനുള്ള അനുവാദമുണ്ടായിരിക്കില്ല. ഓണ്‍ലൈന്‍ വില്‍പന ശാലകള്‍ക്ക് ചില കമ്പനികളുമായി കരാറുണ്ടാക്കി അവരുടെ ഉല്‍പന്നങ്ങള്‍ വില്‍പന നടത്താനാവില്ല എന്നാണ് സൂചനകള്‍. ഇതോടെ ഫ്‌ളാഷ് സെയില്‍ അടക്കമുള്ള നിലവിലുള്ള പല കച്ചവട രീതികള്‍ക്കും മാറ്റം വന്നേക്കും. അതേസമയം, ഇപ്പോഴത്തെ സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും അഭ്യര്‍ഥിക്കുന്നത്.

∙ സെയിലിന് തടയിട്ട് ചൈനയും

ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ അമിതമായി വില കുറച്ചു സെയിലുകള്‍ നടത്തുന്നതിനെതിരെ ചൈനയിലും നടപടി വരുന്നു. ഇത് ലംഘിക്കുന്ന കമ്പനിയുടെ വാര്‍ഷിക വില്‍പനയുടെ 0.5 ശതമാനം വരെ പിഴ ചുമത്താനാണ് ഉദ്ദേശമെന്ന് ചൈന അറിയിച്ചു.

∙ ‘റീചാര്‍ജ് നൗ പേ ലേറ്റർ’ – പുതിയ ഓഫറുമായി ജിയോ

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫര്‍ ഇറക്കി. റീചാര്‍ജ് നൗ പേ ലേറ്റര്‍– ഇപ്പോള്‍ റീചാര്‍ജ് ചെയ്യുക, പിന്നീട് പണം അടയ്ക്കുക എന്ന ഓഫര്‍ ഉപയോഗിക്കുന്നവര്‍ക്ക് 11 രൂപയ്ക്ക് 1 ജിബി ഡേറ്റയാണ് കമ്പനി നല്‍കുക. ഈ രീതിയില്‍ 5 ജിബി ഡേറ്റവരെ പണം നല്‍കാതെ സ്വീകരിക്കാനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്.

∙ ഇത് എങ്ങനെ ഉപയോഗിക്കാം?

മൈജിയോ ആപ്പിന്റെ ഇടതു വശത്തുള്ള മെന്യൂ ഓപ്ഷനില്‍ ടച്ച് ചെയ്താൽ തെളിയുന്ന കമാന്‍ഡുകളില്‍ ‘മൊബൈല്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ ‘എമര്‍ജന്‍സി ഡേറ്റാ ലോണ്‍’ എന്ന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘പ്രൊസീഡ്’ ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന് ‘ഗെറ്റ്എമര്‍ജന്‍സി ഡേറ്റാ’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ ലഭിക്കുന്ന ‘ആക്ടിവേറ്റ് നൗ’ വില്‍ ടച്ച് ചെയ്യുക. അപ്പോള്‍ താഴെ എമര്‍ജന്‍സി ഡേറ്റാ ലോണ്‍ ഈസ് ആക്ടിവേറ്റഡ് എന്ന സന്ദേശം വരും. 1ജിബി ഡേറ്റ ലഭിക്കുകയും ചെയ്യും. ഈ രീതിയില്‍ 55 രൂപയ്ക്കു 5ജിബി വരെ ഡേറ്റ കടമായി നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഇതിന്റെ പണം പിന്നീട് അടച്ചാല്‍ മതിയാകും. നിങ്ങളുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാന്‍ അവസാനിക്കുന്നതുവരെ ആയിരിക്കും കാലാവധി.

∙ വിന്‍ഡോസ് 11 ഹെല്‍ത് ചെക്ക് ടൂള്‍ പിന്‍വലിച്ചു

നിലവിലെ വിന്‍ഡോസ് 10 ഉപയോക്താക്കളില്‍ ആര്‍ക്കൊക്കെ വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡു ചെയ്യാമെന്നതിനെക്കുറിച്ച് മൈക്രോസോഫ്റ്റ് ആദ്യം പറഞ്ഞതു കേട്ടപ്പോള്‍ മിക്കവാറും എല്ലാവര്‍ക്കും അപ്‌ഗ്രേഡു ചെയ്യാമെന്ന പ്രതീതിയാണ് ജനിപ്പിച്ചത്. തുടര്‍ന്ന് ഓരോരുത്തര്‍ക്കും പരിശോധിക്കാനായി കമ്പനി ഒരു ‘ഹെല്‍ത് ചെക്ക് ടൂളും’ അവതരിപ്പിച്ചു. ഇതിന്റെ ആദ്യ വേര്‍ഷന്‍ പലരുടെയും പിസിക്ക് വിന്‍ഡോസ് 11 ലഭിക്കില്ലെന്ന ഉത്തരമാണ് നല്‍കിയത്. തുടര്‍ന്ന് അമര്‍ഷം പുകഞ്ഞതോടെ ആ ടൂള്‍ ഒന്നുകൂടി പുതുക്കി ഇടുകയായിരുന്നു മൈക്രോസോഫ്റ്റ്. ഇതേ തുടര്‍ന്ന് കുറച്ചു പിസികള്‍ക്കു കൂടി വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കാനുള്ള ആരോഗ്യമുണ്ടെന്ന് ടൂള്‍ വിധിയെഴുതിയെങ്കിലും പല കരുത്തല്‍ കംപ്യൂട്ടറുകള്‍ക്കും വിന്‍ഡോസ് 11 ലഭിക്കില്ലെന്നു കണ്ടതോടെ വീണ്ടും ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിനെതിരെ തിരിയുകയായിരുന്നു. ഇതിന്റെയെല്ലാം ഫലമായി കമ്പനി ടൂള്‍ തത്കാലത്തേക്ക് പിന്‍വലിച്ചിരിക്കുകയാണ്. ഇന്റല്‍ പ്രോസസറുകളാണെങ്കില്‍ 8-ാം തലമുറയിലെ പ്രോസസര്‍ എങ്കിലും ഉണ്ടെങ്കിലായിരിക്കും വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കാനാകുക. എന്തായാലും, മാസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമാണ് ഇക്കാര്യത്തിലൊക്കെ വ്യക്തത ലഭിക്കുക.

∙ ഒൻപത് ഫോണുകളുടെ വില കഴിഞ്ഞയാഴ്ച ഉയര്‍ന്നു

പല ഉപകരണങ്ങളുടെയും വില താമസിയാതെ ഉയര്‍ന്നേക്കാമെന്ന വ്യക്തമായ സൂചന നല്‍കി ഷഓമി, റിയല്‍മി, ഒപ്പോ, സാംസങ് തുടങ്ങിയ കമ്പനികള്‍ ഇറക്കിയ ഒൻപത് ഫോണ്‍ മോഡലുകള്‍ക്ക് ഇക്കഴിഞ്ഞയാഴ്ച വില വര്‍ധനയുണ്ടായി എന്ന് റിപ്പോര്‍ട്ടുകള്‍. ഘടകഭാഗങ്ങളുടെ ദൗര്‍ലഭ്യവും, സപ്ലൈചെയിനില്‍ വന്ന പ്രശ്‌നങ്ങളുമാണ് വില വര്‍ധനയ്ക്ക് പിന്നിലെന്നു പറയുന്നു. വില ഉയര്‍ന്ന ചില മോഡലുകള്‍ ഇതാ: ഒപ്പോ എ11കെ മോഡലിന് 500 രൂപ ഉയര്‍ന്നു. നേരത്തത്തെ വില 8,490 രൂപയായിരുന്നു. ഇപ്പോള്‍ അത് 8,990 രൂപയായി.

ഒപ്പോ എ15. ഈ മോഡലിന്റെ 2ജിബി റാം വേരിയന്റിന് 500 രൂപ ഉയര്‍ന്നു. നേരത്തെ 8,990 രൂപയായിരുന്നു വില. ഇപ്പോള്‍ 9,990 രൂപയായിരിക്കുന്നു. ഒപ്പോ എ15എസ് മോഡലിന് വില 1000 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്രയുംകാലം 11,490 രൂപയ്ക്ക് വിറ്റു വന്നിരുന്ന ഫോണിന് 12,490 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഷഓമി 9 പ്രോ മാക്‌സിന് 2000 രൂപ വില വര്‍ധനയാണ് വന്നിരിക്കുന്നത്. ഇതുവരെ 14,999 രൂപയ്ക്കു വിറ്റുവന്നിരുന്ന ഫോണിന് 16,999 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. റെഡ്മി 9 പ്രോ മോഡലിനും 2000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.

Related posts

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി

Aswathi Kottiyoor

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; അടുത്ത 5 ദിവസം ഇടിയോടെയുള്ള മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമം: നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി

Aswathi Kottiyoor
WordPress Image Lightbox