സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ടിപിആർ കുറയാത്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യും.
ടിപിആർ കുറയാത്തതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാനുള്ള സാധ്യത കുറവാണെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും.
കോവിഡ് മൂന്നാം തരംഗം പരമാവധി തടയുന്നതിനോ നീട്ടിക്കൊണ്ടു പോകാനോ ഉള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. ഇതിനു കർശന നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത്തരം കാര്യങ്ങൾ ഇന്നത്തെ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിശദീകരിക്കും.