വിവാഹബന്ധം വേർപ്പെടുത്തുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്ന മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടി ഏത് രക്ഷിതാവിന്റെ കൂടെ താമസിക്കുന്നുവെന്നത് മാത്രം മാനദണ്ഡമാക്കി ജാതി സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്നും കമ്മീഷൻ അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾബെഞ്ചിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
കൊല്ലം കൊട്ടിയം സ്വദേശിനി എം. മാളവികയുടെ ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. പരാതിക്കാരിയുടെ പിതാവ് ഹിന്ദു ചെറുമൻ വിഭാഗത്തിലും മാതാവ് ക്രിസ്ത്യൻ വിഭാഗത്തിലുമാണ്. പിതാവ് ഭാര്യയെയും പരാതിക്കാരിയായ മകളേയും ഉപേക്ഷിച്ചു പോയി. കീം പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചപ്പോൾ, നിലവിൽ പിതാവ് കൂടെയില്ലാത്തതിനാൽ എസ്.എസ്.എൽ.സി ബുക്കിൽ ചേർത്തിട്ടുള്ള പിതാവിന്റെ ജാതിയിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന റവന്യു അധികൃതരുടെ നിലപാടിനെതുടർന്നാണ് പ്ലസ്ടു വിദ്യാർഥിനിയായ പരാതിക്കാരി കമ്മീഷനെ സമീപ്പിച്ചത്. താൻ പിതാവിന്റെ മതാചാരപ്രകാരമാണ് ജീവിക്കുന്നതെന്നും അതനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുമുള്ള ആവശ്യവും റവന്യു അധികൃതർ തള്ളിക്കളഞ്ഞിരുന്നു.
അമ്മയുടെ മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നും പിതാവിന്റെ മതാചാര പ്രകാരം ജീവിക്കുകയാണെന്നും അമ്മ സത്യവാങ്മൂലം നൽകിയാൽ പിതാവിന്റെ ജാതിയിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകണമെന്നും കമ്മീഷൻ ഉത്തരവായി.