അക്ഷരങ്ങളുടെ ചിറകുവിരിച്ച് വായനാലോകത്തേക്ക് പറന്നുയരാൻ കുട്ടികൾക്ക് ആവേശവും പ്രചോദനവുമേകി അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച വായനാ വാരാഘോഷത്തിന് വർണാഭമായ സമാപനം കുറിച്ചു.. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ റഷീദ് പാറയ്ക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു.പി ടി എ ഭാരവാഹികളായ ബെന്നി അറയ്ക്കമാലിൽ, ഷാന്റി സജി, ഹെഡ് മാസ്റ്റർ ജോൺസൺ വി.സി., ജോഷി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. വായനാ വാരാഘോഷത്തിൽ ഓരോ ദിവസവും പ്രശസ്തരായ വ്യക്തികൾ സൂം പ്ലാറ്റ്ഫോമിലൂടെ കുട്ടികളുമായി നേരിട്ട് സംവദിച്ചു. നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട്, കവി വീരാൻ കുട്ടി, തിരക്കഥാകൃത്തും നോവലിസ്റ്റുമായ ഹരിദാസ് കരിവെള്ളൂർ, ചലച്ചിത്ര ഗാനരചയിതാവായ യുവ സാഹിത്യകാരൻ ജിതിൻ ദേവസി, യുവ കവയിത്രി അമ്യത കേളകം, എഴുത്തുകാരനും പ്രഭാഷനുമായ ജെയിംസ് കെ.എ, പ്രശസ്ത തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ റഷീദ് പാറയ്ക്കൽ എന്നിവരാണ് കുട്ടികളുമായി സംവദിച്ച് വായനയുടെ ആകാശം അവർക്കായി തുറന്നത്. ഒപ്പം ‘എന്റെ വീട്ടിലൊരു ലൈബ്രറി’ എന്ന പദ്ധതിക്ക് കവി വീരാൻ കുട്ടിയുടെ പിന്തുണയോടെ രൂപം നൽകി.
ഓരോ ദിവസവും വ്യത്യസ്തങ്ങളായ മത്സരങ്ങളും സംഘടിപ്പിച്ചു. ഹലോ സാഹിത്യ ക്വിസ്, വായനാ മത്സരം, പുസ്തകാസ്വാദനം, കഥാവായന, ഉപന്യാസരചന, വാർത്താ വായന, കൈയ്യെഴുത്ത് എന്നീ മത്സരങ്ങൾ നടത്തി. സമ്മാനങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ചു നൽകുമെന്നും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ അറിയിച്ചു.
previous post