റബർ ബോർഡിന്റെ ആവർത്തന കൃഷി സബ്സിഡി നിലച്ചിട്ട് എട്ടു വർഷം പിന്നിടുന്നു. 35 വർഷം തുടർച്ചയായി ആവർത്തനകൃഷിക്ക് റബർ ബോർഡ് ചെറുകിട കർഷകർക്ക് നൽകി വന്ന സഹായപദ്ധതി കേരളത്തിൽ ഉൾപ്പെടെ ദക്ഷിണ സോണിൽ നിറുത്തലാക്കാനാണു കേന്ദ്രനീക്കം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർകൃഷിക്ക് വിവിധ കാർഷിക ഉത്തേജക പാക്കേജുകളാണു കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്നത്.കേരളത്തിൽ ഹെക്ടറിന് 30,000 രൂപയാണ് അവസാനം സബ്സിഡിയായി നൽകിയത്. ഈ തുക തുഛമാണെന്നും അര ലക്ഷം രൂപ മിനിമം സബ്സിഡി നൽകണമെന്നും റബർ ബോർഡ് മുൻപ് ശിപാർശ ചെയ്തിരുന്നു.
2010നുശേഷം ഇടയ്ക്ക് ഒരുഘട്ടത്തിൽ സബ്സിഡിക്കായി കർഷകരിൽനിന്ന് അപേക്ഷകൾ വാങ്ങിയെങ്കിലും പണം നൽകാൻ തയാറായില്ല. ബജറ്റിൽ റബർ ബോർഡിന് അനുവദിക്കുന്ന തുക ശന്പളത്തിനും പെൻഷനും ഓഫീസ് ചെലവുകൾക്കും മാത്രമേ തികയുന്നുള്ളു.
റബർ തൈകൾക്ക് നൽകി വന്നിരുന്ന സബ്സിഡിയും ബോർഡ് നിർത്തലാക്കി. നിലവിലെ കൃഷിചെലവനുസരിച്ച് ഒരു ഹെക്ടർ സ്ഥലം ഒരുക്കി റബർ നട്ട് ഏഴു വർഷം വളർത്തി ടാപ്പിംഗ് പാകമാക്കാൻ നാലു ലക്ഷം രൂപയിലേറെ ചെലവു വരുമെന്നിരിക്കെയാണ് സർക്കാർ തലത്തിലെ അവഗണന.