തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16നുമിടയിൽ ടി പി ആർ ഉള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലും 16നും 24നുമിടയിലുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തും.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഒഴിവാക്കി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകും.
കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കും. യോഗങ്ങൾ പരമാവധി ഓൺലൈനായി നടത്തണം. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ആയതിനാൽ അതിർത്തിയിലെ മദ്യശാലകൾ അടച്ചിടും. തമിഴ്‌നാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ ടെസ്റ്റ് റിസൾട്ട് വേണ്ടിവരും. എന്നാൽ അവിടെ ലോക്ക് ഡൗണുള്ളതിനാൽ എല്ലാദിവസവും പോയിവരാൻ അനുവദിക്കില്ല.
ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പതിനഞ്ചുപേരിൽ അധികരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നത്.
മെഡിക്കൽ വിദ്യാർഥികൾക്ക് ജൂലൈ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും. മെഡിക്കൽ വിദ്യാർഥികൾക്കെല്ലാം വാക്‌സിനേഷൻ ലഭ്യമായതിനാലാണ് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്നു തന്നെ വാക്‌സിൻ നൽകി കോളേജുകൾ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. 18 വയസ്സുമുതൽ 23 വരെയുള്ള വിഭാഗത്തെ പ്രത്യേക കാറ്റഗറിയാക്കി വാക്‌സിനേഷൻ നൽകും. അവർക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നൽകിയാൽ നല്ല അന്തരീക്ഷത്തിൽ കോളേജുകൾ തുറക്കാനാവും. സ്‌കൂൾ അധ്യാപകരുടെ വാക്‌സിനേഷനും മുൻഗണന നൽകി പൂർത്തിയാക്കും.
ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പോകുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് 19 മോളിക്യുലർ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ഇതിൽ സത്വര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കർശന നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ചിത്രീകരണത്തിന് അനുമതി നൽകുന്നതും ആലോചിച്ചിട്ടുണ്ട്. ഇൻഡോർ ചിത്രീകരണമാണനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതിനൽകുന്ന കാര്യം ആലോചിക്കും. വാക്‌സിൻ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.