എല്ലാ സമുദായങ്ങൾക്കിടയിലും സ്ത്രീധനം നൽകുന്നത് സാധാരണമാണെങ്കിലും സമ്മാനമെന്ന പേരിൽ നൽകുന്നതിനാൽ നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്ന് കണ്ടെത്തൽ. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാൽ പരാതി നൽകാൻ തയാറായി മുന്നോട്ടുവരുന്നവരും കുറവാണ്.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ ഇല്ലെന്നുതന്നെ പറയണമെന്ന് വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ് ഡയറക്ടർ ടി.വി അനുപമ പറഞ്ഞു. എപ്പോഴെങ്കിലും പരാതി ലഭിച്ചാൽ തന്നെ ഭർത്താവിന്‍റെയും ഭാര്യയുടേയും വീട്ടുകാർ അത് ഒത്തുതീർപ്പിലെത്തിച്ചിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു.
ഡൊമസ്റ്റിക് വയലൻസ് കേസുകളിൽ റിപ്പോർട്ട് തയാറാക്കുമ്പോൾ സ്ത്രീധനത്തെക്കുറിച്ച് വിദീകരിക്കേണ്ട കോളമുണ്ട്. തങ്ങളുടെ മാതാപിതാക്കൾ സ്ത്രീധനം നൽകിയിട്ടില്ലെന്നും പണമോ സ്വർണമോ സമ്മാനമായി നൽകിയതാണ് എന്നുമാകും പരാതിക്കാരി പറയുക. അതിനാൽ വിമൻ പ്രൊട്ടക്ഷൻ ഓഫിസർക്ക് ആ കോളം പൂരിപ്പിക്കാൻ കഴിയാറില്ല. അതിനാൽ സ്ത്രീധന നിരോധന നിയമത്തിന്‍റെ പരിധിയിൽ നിന്നും ഭൂരിഭാഗം പേരും രക്ഷപ്പെടുകയാണ് പതിവ്.
വലിയ തുക സ്ത്രീധനം നൽകുന്ന പതിവ് മാർക്കറ്റിന്‍റെ താൽപര്യത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. വലിയ സ്ത്രീധനം നൽകുന്നത് സാമൂഹിക അന്തസിന്‍റെ ഭാഗമായി കണക്കാക്കുന്നു. വിദേശങ്ങളിലുള്ളതുപോലെ വരനും വധുവും തമ്മിൽ വിവാഹത്തിന് മുൻപ് കരാറിൽ ഏർപ്പെടുന്നത് ഗുണകരമാകുമെന്ന് ഹൈകോടതി അഭിഭാഷകയായ ആഷ ഉണ്ണിത്താൻ പറഞ്ഞു.
സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പിന്‍റെ പക്കൽ സ്ത്രീധന മരണങ്ങളെക്കുറിച്ചുള്ള കണക്കുകളൊന്നുമില്ല. 212 സ്ത്രീധന മരണങ്ങളാണ് 12 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് ക്രൈം റെക്കോഡ്സ് രേഖകൾ പറയുന്നു.